സ്‌പോട്‌സ് ലേഖകൻ
കറാച്ചി: 150 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ മൂളിപ്പായുന്ന പന്തുകളെറിഞ്ഞ്. ലോകത്തെ ഒട്ടുമിക്ക ബാറ്റ്‌സ്മാൻമാരുടെയും ഞെഞ്ചിടിപ്പു കൂട്ടിയിട്ടുണ്ട് ഷൊയൈബ് അക്തർ. ബൗണ്ടറി ലൈനിനരികെ നിന്ന് ആക്രോശത്തോടെ പാഞ്ഞടുക്കുന്ന ചീറ്റപ്പുലിയായിരുന്നു ഷൊയൈബ് അക്തർ. അക്തറിൻറെ മാരകമായ ബൗൺസറുകളേറ്റ് പവലിയനിലേക്ക് മടങ്ങിയത് 19 ബാറ്റ്‌സ്മാൻമാരാണ്. കാഴ്ച്ചക്കാരുടെ കണ്ണിൽ പോലും ഭീതി വിതച്ചിരുന്ന ബൗൺസറുകളെക്കുറിച്ചുള്ള ആ രഹസ്യം അക്തർ ട്വിറ്ററിലൂടെ പുറത്തുവിട്ടു.
കളിക്കളത്തിൽ കൂടുതൽ ബൗൺസറുകളെറിയാൻ ആഗ്രഹിച്ചത് മുൻ ഓസ്‌ട്രേലിയൻ താരം മാത്യു ഹെയ്ഡൻനെതിരെയാണ്. ബൗൺസറുകളേറ്റ് താരങ്ങൾക്കു പരിക്കേൽക്കുന്നത് ആസ്വദിച്ചിട്ടില്ലെന്നും എന്നാൽ ഒരാൾക്കെതിരെ തുടർച്ചയായി ബൗൺസറുകൾ എറിയാൻ ആഗ്രഹിച്ചിരുന്നതായുമാണ് അക്തറിൻറെ പ്രസ്താവന. ഹെയ്ഡനെതിരെ താനതു ചെയ്തിട്ടുണ്ടെന്നും എന്നാൽ തങ്ങളിപ്പോൾ വളരെ അടുത്ത സുഹൃത്തുക്കളാണെന്നും അക്തർ പറഞ്ഞു.
വാക്കുകൾ കൊണ്ടും കളിക്കളത്തിൽ ഇരുവരും പലകുറി ഏറ്റുമുട്ടിയിരുന്നു. 2004ൽ നാലു മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ മുന്നു തവണയും ഹെയ്ഡൻറെ വിക്കറ്റ് അക്തറിനായിരുന്നു. ഓൾസ്റ്റാർ ടി-20 ക്രിക്കറ്റ് ലീഗിൽ ഇരുവരും ഒരുമിച്ച് കളിച്ചിരുന്നു. അതിശയിപ്പിക്കുന്ന വേഗം കൊണ്ട് റാവൽപിണ്ടി എക്‌സ്പ്രസ് എന്നായിരുന്നു അക്തറിൻറെ കളത്തിലെ വിളിപ്പേര്.