വൈക്കം:വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട് കുത്തിത്തുറന്ന് മോഷണ ശ്രമം. വൈക്കം മഹാദേവ ക്ഷേത്രത്തിന്റ തെക്കേ നടയിൽ നിന്ന് 50 മീറ്റർ അകലെ ദർശനയിൽ കൃഷ്ണാംബാളിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി 11.45 ന് മോഷണശ്രമം നടന്നത്.
കൃഷ്ണാംബാളിന്റെ വീടിന്റെ വാതിൽ കമ്പിപ്പാരയ്ക്ക് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. വീടിനകത്ത് മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന കമ്പിവടി, കൊലശേരി, ഉളി എന്നിവ കണ്ടെടുത്തു. വീട്ടിൽ നിന്ന് കാര്യമായൊന്നും ലഭിക്കാതിരുന്നതിൽ പ്രകോപിതനായി മോഷ്ടാവ് വീട്ടിലെ അലമാരയും സ്യൂട്ട് കേസും തുറന്ന് തുണികൾ വലിച്ചു വാരി പുറത്തിട്ട ശേഷം ഫ്രിഡ്ജ് തുറന്ന് കശുവണ്ടിപരിപ്പു കഴിച്ചു.
പിന്നീട് ഷേവിംഗ് സെറ്റെടുത്ത് ഷേവ് ചെയ്തു മിടുക്കനായാണ് മടങ്ങിയത്. കൃഷ്ണാംബാളിന്റെ വീടിനു സമീപത്തെ രാേജഷിന്റെ വീട്ടിലെത്തിയ മോഷ്ടാവ് വീടിനുള്ളിൽ കയറിയില്ല. വീടിനു പുറത്തിരുന്ന വസ്തുക്കളിൽ ചിലത് കൈക്കാലാക്കിയാണ് മോഷ്ടാവ് കടന്നു കളഞ്ഞത്. രാജേഷിന്റെ വീട്ടിലെ സിസി ടി വി യിൽ മമ്മട്ടി ചുമലിലേറ്റി വരുന്ന മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
ഒരാഴ്ചയായി കൃഷ്ണാംബാൾ മകന്റെ തൃപ്പൂണിത്തറയിലെ വീട്ടിലാണ് താമസം. ആൾതാമസം ഇല്ലെന്നറിഞ്ഞ മോഷ്ടാവ് വീടിനു പുറത്തെ ഗ്രില്ലിന്റെ പൂട്ട് തകർത്തതിനു ശേഷം മുൻവശത്തെ വാതിൽ കമ്പിപ്പാരയ്ക്ക് തകർത്താണ് അകത്ത് കടന്നത്.