ക്രൈം റിപ്പോർട്ടർ
ബീഹാർ: വീടിനു മുന്നിൽ മൃതദേഹം സംസ്‌കരിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അച്ഛനോടുള്ള വൈരാഗ്യം തീർക്കാൻ അഞ്ചു വയസുകാരൻ മകനെ ചിതയിലേയ്ക്കു വലിച്ചെറിഞ്ഞു. ബീഹാറിലെ മധേപ്പൂര ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബീഹാറിലെ അന്ധേര പൊലീസ് സ്റ്റേഷൻ പരിധിയിൽ മധേപുരാ ജില്ലയിലായിരുന്നു സംഭവം. ചിതയ്ക്കുള്ളിൽ വീണു ഗുരുതരമായി പരുക്കേറ്റ ബസ്ഗ്രാഹ് ഗ്രാമവാസിയായ അഞ്ചു വയസുകാരൻ അമിത്കുമാറിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഉദർകിഷൻജി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
അയൽവാസികളായ മുന്നി റാമും, ശംഭു മേഹ്താവും തമ്മിൽ ശവസംസ്‌കാരം നടക്കുന്ന സ്ഥലത്തു വച്ചു തർക്കമുണ്ടായിരുന്നു. പ്രാദേശിക വിഷയങ്ങളെച്ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. റാമിന്റെ ബന്ധുവായ പ്രകാശ്‌റാമിന്റെ മൃതദേഹം ശംഭുവിന്റെ വീടിനു സമീപത്ത് സംസ്‌കരിക്കുന്നതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. ശംഭുവിന്റെ വീടിനു സമീപം മൃതദേഹം സംസ്‌കരിക്കാൻ എത്തിയതിനെ അമിത്കുമാറും, ശംഭുവും എതിർക്കുകയായിരുന്നു. രണ്ടു കുടുംബങ്ങളും തമ്മിൽ വാക്കുകൾ കൊണ്ട് ഇതിനിടെ പല തവണ ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് ശംഭുവിന്റെ മകൻ അമിത്കുമാർ അപ്രതീക്ഷിതമായി സംഭവസ്ഥലത്തേയ്ക്കു എത്തി. കുട്ടി എത്തിയതും ഇദയ്കിഷൻ ജി കുട്ടിയെ ചിതയ്ക്കുള്ളിലേയ്ക്കു വലിച്ചെറിയുകയായിരുന്നു. കൈയ്ക്കും കാലിനും പൊള്ളലേറ്റ കുട്ടിയെ നാട്ടുകാർ ചേർന്നു വലിച്ചു തീയ്ക്കുള്ളിൽ നിന്നു പുറത്തെത്തിച്ചു. ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയിട്ടുണ്ട്.