കുറുപ്പംപടി: വാഹനാപകടത്തില്‍ മരണമടഞ്ഞ രമ്യയെ ദുര്‍വിധി തട്ടിയെടുത്തത് പെണ്ണുകാണല്‍ ചടങ്ങിന് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ. സന്തോഷം നിറഞ്ഞുനിന്ന വീട്ടില്‍നിന്നും ഇപ്പോള്‍ ഉയരുന്നത് അലമുറകളും ദീനരോധനങ്ങളും മാത്രം. കൊല്ലം ആയൂര്‍ അകമണ്‍ പാലത്തിന് സമീപമുണ്ടായ ബസ് അപകടത്തില്‍ മരണമടഞ്ഞ കുറുപ്പംപടി കൊട്ടിക്കല്‍ വീട്ടില്‍ വര്‍ക്കി -മേരി ദമ്പതികളുടെ മകള്‍ രമ്യയുടെ പെണ്ണുകാണല്‍ ചടങ്ങ് നാളെയായിരുന്നു നിശ്ചയിച്ചിരുന്നത്. മുംബൈയില്‍ ജോലിയുള്ള പുത്തന്‍കുരിശ് സ്വദേശിയാണ് രമ്യയെ കാണാനെത്തുമെന്നറിയിച്ചിരുന്നത്.
പെണ്ണുകാണലിനായി മുംബൈയില്‍ നിന്നും ഇന്നലെ നാട്ടിലേക്കുള്ള യാത്രക്കിടെയാണ് ഇയാള്‍ രമ്യയുടെ മരണവാര്‍ത്ത അറിയുന്നതെന്നും ഇതേത്തുടര്‍ന്ന് യുവാവ് ഏറെ ദുഃഖിതനാണെന്നും രമ്യയുടെ അമ്മാവന്‍ ജേക്കബ്ബ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ഉച്ചയോടെ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കുന്ന മൃതദ്ദേഹം പിന്നീട് ഫ്രീസറില്‍ സൂക്ഷിക്കുമെന്നും സംസ്‌കാര ചടങ്ങുകള്‍ നാളെനടത്തുമെന്നുമാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഒപ്പമുണ്ടായിരുന്ന രമ്യയുടെ സഹോദരി അമ്മുവിനും പരിക്കേറ്റു. കൈയുടെ അസ്ഥിക്ക് പൊട്ടലേറ്റ അമ്മു ഇപ്പോഴും അപകടത്തിന്റെ ആഘാതത്തില്‍ നിന്നും മുക്തയായിട്ടില്ല.
റിട്ടേര്‍ഡ് അദ്ധ്യാപകരായ വര്‍ക്കി-മേരി ദമ്പതികള്‍ക്ക് നാല് പെണ്‍മക്കളായിരുന്നു ആകെയുണ്ടായിരുന്ന സമ്പത്ത്. ഇവര്‍ക്കെല്ലാം മികച്ച വിദ്യാഭ്യസം നല്‍കുന്നതിനായിരുന്നു ഇവര്‍ സമ്പാദ്യത്തിലേറെയും ചിലവഴിച്ചത്. ഇവരില്‍ അദ്ധ്യപികയായ മൂത്തമകള്‍ രേഖയും അയര്‍ലണ്ടില്‍ നേഴ്സായ രണ്ടാമത്തെ മകള്‍ രശ്മിയും വിവാഹിതരാണ്. മൂന്നാമത്തെ മകളാണ് മരണമടഞ്ഞ രമ്യ. ഇളയമകള്‍ അമ്മുവും രമ്യക്കൊപ്പം ടെക്‌നോപാര്‍ക്കില്‍ ഇന്‍ഫോസിസില്‍ ജോലിചെയ്തുവരികയായിരുന്നു. ഇന്നലെ രാത്രി 7.30 തോടെ അമ്മുവാണ് അപകട വാര്‍ത്ത വീട്ടിലറിയിച്ചത്. ഇതോടെ വര്‍ക്കിയും മേരിയും തളര്‍ന്നു വീണു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ ഇവരെ ആശ്വസിപ്പിച്ചു.
മകളുടെ വിയോഗം താങ്ങാനായില്ലെങ്കിലും മനസാന്നിധ്യം ഇവര്‍ വീണ്ടെടുത്തു. ഉടന്‍ മാതാപിതാക്കള്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു. വെഞ്ഞാറമൂട് ഗോകുലം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മകളുടെ മൃതശരീരം കണ്ടതോടെ അലമുറയിടാന്‍ തുടങ്ങിയ ഈ വൃദ്ധദമ്പതികളെ ഏറെപാടുപെട്ടാണ് ബന്ധുക്കളും കണ്ടുനിന്നവരും തിരിച്ച് വാഹനത്തിലെത്തിച്ചത്. ഇവര്‍ രാത്രി തന്നെ വീട്ടില്‍ തിരിച്ചെത്തി. കുടുംബത്തിന്റെ ദുഃഖം പങ്കിടാന്‍ അയല്‍വാസികളും നാട്ടുകാരില്‍ ഒട്ടേറെപേരും കൊട്ടിക്കല്‍ തറവാട്ടില്‍ ഒത്തുകൂയിട്ടുണ്ട്.
എം.സി. റോഡില്‍ ആയൂരിനടുത്ത് കമ്പങ്കോട് പാലത്തിനുസമീപം സൂപ്പര്‍ ഫാസ്റ്റും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് ദുരന്തമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ സൂപ്പര്‍ ഫാസ്റ്റിന്റെ ഡ്രൈവര്‍ സീറ്റ് ഒഴിച്ചുള്ള ഭാഗം നിശ്ശേഷം തകര്‍ന്നു. സീറ്റുകള്‍ ഇളകിമാറി. സ്വകാര്യ ബസിന്റെയും മുന്‍ഭാഗം തകര്‍ന്നു. ഇവിടെ സഹോദരിക്കൊപ്പമാണ് രമ്യ യാത്രയ്ക്കായി ഇരുന്നത്. സൈഡ് സീറ്റിലായിരുന്നു രമ്യയെന്നാണ് സൂചന. രമ്യയ്ക്കൊപ്പം ഇന്‍ഫോസിസില്‍ ജോലി ചെയ്തിരുന്ന ലിന്‍സ് തോമസും മരിച്ചു. യുഎസ്ടി ഗ്ലാബലിലെ ജീവനക്കാരനായ റോമി ജോര്‍ജിന്റെ ജീവനും ദുരന്തമെടുത്തു.