തിരുവനന്തപുരം: ബസ് നിരക്കു വര്‍ധനയ്ക്ക് ഇടതു മുന്നണിയുടെ അനുമതി. മിനിമം ചാര്‍ജ് എട്ട് രൂപയായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് എല്‍ഡിഎഫ് അനുമതി നല്‍കി. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ചു തീരുമാനമുണ്ടായേക്കും. വിദ്യാര്‍ഥികളുടെ യാത്രാനിരക്കിലും ആനുപാതികമായ വര്‍ധനവുണ്ടാകുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.
സ്വകാര്യ ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഇടതുമുന്നണി അടിയന്തര യോഗം ചേര്‍ന്നത്. ജനങ്ങള്‍ക്ക് അമിതഭാരം ഉണ്ടാവാത്ത രീതിയില്‍ ചാര്‍ജ് വര്‍ധന നടപ്പാക്കാനാണ് നിര്‍ദ്ദേശം. നിരക്ക് വര്‍ധന സംബന്ധിച്ച അന്തിമ തീരുമാനം നാളെ രാവിലെ ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഉണ്ടായേക്കും.
ചാര്‍ജ് വര്‍ധനയുടെ എല്ലാ വശങ്ങളും പരിശോധിച്ച് അന്തിമതീരുമാനം സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് യോഗത്തിനു ശേഷം ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നാല്‍ ഓര്‍ഡിനറി ബസ്സുകളില്‍ മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്നും എട്ട് രൂപയാവും. ഫാസ്റ്റ് പാസഞ്ചറുകളില്‍ മിനിമം ചാര്‍ജ് പത്ത് രൂപയില്‍ നിന്നും 11 രൂപയാവും.