തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ബസ് യാത്രയ്ക്കിടെ 13 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഡല്‍ഹി സ്വദേശിയായ ശൈലേന്ദ്രര്‍ ഗാര്‍ഗ് (60) എന്നയാളെ ഇരിങ്ങാലക്കുട സി.ഐ. സുരേഷ്‌കുമാര്‍ അറസ്റ്റുചെയ്തു. ഇരിങ്ങാലക്കുടയില്‍നിന്ന് സ്വകാര്യബസില്‍ കോണത്തുകുന്നിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.
ഉപദ്രവിക്കുന്നതിനിടെ ആണ്‍കുട്ടി കരയുകയും ബഹളം വെയ്ക്കുകയുമായിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡല്‍ഹിയില്‍ സ്വന്തമായി സ്റ്റീല്‍ ടാപ്പ് നിര്‍മാണക്കമ്പനിയുള്ള പ്രതി ബിസിനസ് ആവശ്യത്തിനായി കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാമധ്യേയായിരുന്നു.
ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് പ്രതി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിയുടെ പേരില്‍ കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അധിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക നിയമമായ പോക്‌സോവകുപ്പു ചുമത്തിയിട്ടുള്ളതായി ഇരിങ്ങാലക്കുട ട്രാഫിക്ക് എസ്.ഐ. തോമസ് വടക്കന്‍ പറഞ്ഞു. എ.എസ്.ഐ.മാരായ എം.വി. തോമസ്, പി.കെ. സുരേഷ്, സീനിയര്‍ സി.പി.ഒ. മുരുകേഷ് കടവത്ത്, സി.പി.ഒ. സുധീഷ് തുടങ്ങിയവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.