ലണ്ടന്‍∙ പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ ബ്രിട്ടനിലെ ഭക്ഷ്യസംസ്‌കരണ പ്ലാന്റിന് പ്രശസ്തമായ ക്യൂന്‍സ് എന്റര്‍പ്രൈസ് അവാര്‍ഡ്.എലിസബത്ത് രാജ്ഞിയുടെ ജന്മദിനമായ ഏപ്രില്‍ 21-നാണ് ക്യൂന്‍സ് എന്റര്‍പ്രൈസ് അവാര്‍ഡ് പ്രഖ്യാപിച്ചത്
ബ്രിട്ടനിലെ വ്യാപാര, വ്യവസായ, സാമ്പത്തിക മേഖലയ്ക്കു നല്‍കിയ സ്തുത്യര്‍ഹമായ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. ബര്‍മിങ്ഹാം ആസ്ഥാനമായ വൈ ഇന്റര്‍നാഷണല്‍ ലിമിറ്റഡിനു ലഭിച്ച അവാര്‍ഡ് ലുലു ഗ്രൂപ്പിന്റെ ബ്രിട്ടനിലെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ പ്രചോദനമാകുമെന്ന് എം.എ. യൂസഫലി പറഞ്ഞു.ഈ വര്‍ഷത്തെ ക്യൂന്‍സ് അവാര്‍ഡിന് വൈ ഇന്റര്‍നാഷണല്‍ അര്‍ഹമായത് ഏറെ അഭിമാനകരമായ നേട്ടമാണ്. ബര്‍മിങ്ഹാം സിറ്റി കൗണ്‍സില്‍ നല്‍കിയ 12.5 ഏക്കറില്‍ പുതുതായി ലോകോത്തര ഭക്ഷ്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ്. ഏതാണ്ട് 300 കോടി രൂപയുടെ പദ്ധതിയാണിതെന്നും യൂസഫലി പറഞ്ഞു.
നാമനിര്‍ദേശം ചെയ്യപ്പെട്ട വിവിധ കമ്പനികളില്‍നിന്ന് മുപ്പതോളം സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ സൂക്ഷ്മപരിശോധനയ്‌ക്കൊടുവിലാണ് വൈ ഇന്റര്‍നാഷണല്‍ ലിമിറ്റഡിനെ ഇന്റര്‍നാഷണല്‍ ട്രേഡ് വിഭാഗത്തില്‍ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. 2017-ലെ അവാര്‍ഡ് ജേതാക്കള്‍ക്കു ബക്കിങ്ഹാം കൊട്ടാരത്തില്‍ പ്രത്യേക സ്വീകരണം നല്‍കും. എല്ലാ വര്‍ഷവും എലിസബത്ത് രാജ്ഞിയുടെ ജന്മദിനമായ ഏപ്രില്‍ 21-നാണ് ക്യൂന്‍സ് എന്റര്‍പ്രൈസ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്.