കൊച്ചി: പ്രമുഖ വ്യവസായി എം എ യൂസഫലി പുതിയ ഹെലികോപ്റ്റര്‍ സ്വന്തമാക്കി. പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലി എയർബസ് എച്ച് 145 ഹെലികോപ്റ്റർ സ്വന്തമാക്കി. ലോകത്തെ അത്യാഡംബര ഹെലികോപ്‌റ്ററുകളിൽ മുൻപന്തിയിലാണ് എയർബസ് എച്ച് 145 ന്റെ സ്ഥാനം. പുതിയ ഹെലികോപ്റ്റർ കൊച്ചിയിലാണ് പറന്നിറങ്ങിയത്.ലോകത്തെ ആകെ 1500 ഹെലികോപ്റ്റര്‍ മാത്രമാണ് എയര്‍ ബസ് ഈ മോഡല്‍ പുറത്തിറക്കിയിട്ടുള്ളൂ. 100 കോടി ചെലവ് വരുന്ന ഈ ഹെലികോപ്റ്ററിന് ഒരുപാട് സവിശേഷതകളാണുള്ളത്.
ഒരേ സമയത്ത് രണ്ട് ക്യാപ്റ്റന്മാര്‍ക്ക് പുറമെ ഏഴ് യാത്രക്കാര്‍ക്ക് ഈ ഹെലികോപ്റ്ററില്‍ സഞ്ചരിക്കാം. മണിക്കൂറില്‍ 246 കിലോ മീറ്റര്‍ വേഗത്തില്‍ വരെ പറക്കാന്‍ സാധിക്കും. 20000 അടി വരെ പറന്നുപൊങ്ങാനുള്ള ശേഷയുണ്ട്. ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന ‘എനര്‍ജി അബ്സോര്‍ബിങ്’ സീറ്റുകളും ഈ ഹെലികോപ്ടര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
അപകടത്തില്‍പ്പെട്ടാലും ഇന്ധനം ചോരുന്നതിനുള്ള സാധ്യത വളരെ കുറവാണ്. പറക്കുന്നതിനിടെ ഗ്രൗണ്ട് സ്റ്റേഷനുകളുമായി ഏറ്റവും മികച്ച രീതിയില്‍ വാര്‍ത്താവിനിമയം നടത്താനുള്ള വയര്‍ലെസ് കമ്യൂണിക്കേഷന്‍ സിസ്റ്റം ഈ ഹെലികോപ്റ്ററിന്റെ പ്രത്യേകതയാണ്. ഏഷ്യയിലെ ആദ്യത്തെ അഞ്ച് ബ്ളേഡുള്ള എച്ച് 145 കൂടിയാണ് ഈ ഹെലികോപ്ടര്‍.
ജപ്പാനിലെ കാവസാക്കിയും ജര്‍മനിയിലെ എം എം ബിയും ചേര്‍ന്ന് 1979 ല്‍ വികസിപ്പിച്ച ബി കെ 117 എന്ന ഹെലികോപ്റ്ററിനെഅടിസ്ഥാനപ്പെടുത്തിയാണ് എച്ച് 145 നിര്‍മിച്ചിരിക്കുന്നത്. എം എം ബി ഡയ്മ്ലര്‍ ബെന്‍സിന്റെയും തുടര്‍ന്ന് യുറോകോപ്റ്റിന്റെയും ഭാഗമായി മാറിയതോടെയാണ് ഈ ഹെലികോപ്റ്ററിന്റെ നിര്‍മാണ അവകാശം എയര്‍ബസിന് ലഭിച്ചത്. 1999 ലാണ് ഇസി 145 എന്ന എച്ച് 145 ആദ്യമായി നിര്‍മിക്കുന്നത്.
2002 ല്‍ ഹെലികോപ്റ്റര്‍ ആദ്യമായി പുറത്തിറക്കിയത്. എയര്‍ബസിന്റെ ഹെലികോപ്റ്റര്‍ ഡിവിഷനായ യൂറോകോപ്റ്ററിന്റെ പേര് എയര്‍ബസ് ഹെലികോപ്റ്ററര്‍ എന്നാക്കി മാറ്റിയപ്പോഴാണ് ഹെലികോപ്ടറിന്റെ പേര് എച്ച് 145 എന്നായത്. ഈ ഹെലികോപ്റ്റര്‍ വിവിധ രാജ്യങ്ങളില്‍ എയര്‍ ആംബുലന്‍സായും പൊലീസ് ഹെലികോപ്റ്ററായും ഉപയോഗിക്കുന്നുണ്ട്. യു എസ്, യു കെ, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി, കസാഖിസ്ഥാന്‍, സെര്‍ബിയ, ഇക്വഡോര്‍, ബൊളീവിയ, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങള്‍ സൈനിക ആവശ്യത്തിനും എച്ച് 145 ഉപയോഗിക്കുന്നുണ്ട്.
അതേസമയം, പുതിയ ഹെലികോപ്റ്ററില്‍ ലുലു ഗ്രൂപ്പിന്റെ ലോഗോ ആലേഖനം ചെയ്തിട്ടുണ്ട്. കൂടാതെ യുസഫലിയുടെ പേരിന്റെ ആദ്യാക്ഷരമായ വൈയും ആലേഖനം ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ആര്‍ പി ഗ്രൂപ്പ് ചെയര്‍മാനും ഇതേ ഹെലികോപ്റ്റര്‍ സ്വന്തമാക്കിയിരുന്നു. രവി പിള്ളയാണ് ഈ ഹെലികോപ്റ്റര്‍ ആദ്യമായി സ്വന്തമാക്കുന്ന ഇന്ത്യക്കാരന്‍. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ യുസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയിലെ ചതുപ്പില്‍ പതിച്ചിരുന്നു. അന്ന് അത്ഭുതകരമായാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റാലാന്‍ഡിന്റെ 109 എസ് പി ഹെലികോപ്റ്ററായിരുന്നു അന്ന് അപകടത്തില്‍പ്പെട്ടത്.
ഈ അടുത്ത് ആ ഹെലികോപ്റ്റര്‍ വില്‍പ്പനയ്ക്ക് വച്ചത് വലിയ വാര്‍ത്തയായിരുന്നു. അപകടത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തെ വിദഗ്ദ പരിശോധനയ്ക്കായി അബുദാബിയിലേക്ക് മാറ്റിയിരുന്നു. അബുദാബി രാജകുടും അയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫലി അബുദാബിയിലേക്ക് യാത്ര തിരിച്ചത്. യുസഫലിയുടെ ചികിത്സയുടെ കാര്യത്തില്‍ അബുദാബി രാജകുടുംബം പ്രത്യേകം താല്‍പര്യമെടുത്തിരുന്നു.