സി.കെ.ജാനു എന്‍ഡിഎയുടെ പെയ്ഡ് നേതാവ്; കെപിഎംഎസ്-നാഡോ സമര കണ്‍വെന്‍ഷനുമായി സഹകരിക്കില്ല: ഗോത്രമഹാസഭ

തൊടുപുഴ: സി.കെ. ജാനുവിനെ എന്‍ഡിഎയുടെ പെയ്ഡ് നേതാവെന്ന് വിശേഷിപ്പിച്ച് ഗോത്രമഹാസഭ വാര്‍ത്താക്കുറിപ്പ്. സി.കെ. ജാനുവിനെ മുന്‍നിര്‍ത്തി കേരളത്തില്‍ ബിജെപി ഭൂസമരത്തിലേയ്ക്ക് ഇറങ്ങുന്നു എന്ന് നേരത്തെ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നു. കെപിഎംഎസ്-നാഡോ സംഘടിപ്പിക്കുന്ന സമര കണ്‍വെന്‍ഷനാണ് ഇപ്പോള്‍ ജാനുവിനെ മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന മറ്റൊരു പരിപാടി. എന്നാല്‍ ജാനുവിനെ മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന പരിപാടിയായതിനാല്‍ കെ.പി.എം.എസ്-നാഡോ സമര കണ്‍വന്‍ഷനുമായി ഗോത്രമഹാസഭ സഹകരിക്കില്ലെന്നും ഗോത്രമഹാസഭ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

സി.കെ ജാനു ആദിവാസികളുടെ പ്രഖ്യാപിത ലക്ഷ്യം കയ്യൊഴിഞ്ഞ് ഭൂസരമങ്ങള്‍ ബി.ജെ.പി ഏല്‍പ്പിക്കുന്നതായാണ് കാണുന്നത്. ജാനുകൂടി അംഗമായ എന്‍.ഡി.എയിലെ പ്രമുഖ പാര്‍ട്ടിയായ ബി.ജെ.പി കയ്യേറ്റക്കാരോടൊപ്പം അടിമാലി പടിക്കലില്‍ ആദിവാസികളുടെ കുടിലുകള്‍ കത്തിക്കാനും ഭൂമി കയ്യേറാനുമുണ്ടായിരുന്നെന്നും ഗോത്രമഹാസഭ ചൂണ്ടിക്കാട്ടുന്നു.
കയ്യേറ്റക്കാര്‍ക്കുവേണ്ടി ബി.ജെ.പി പ്രാദേശിക നേതാക്കള്‍ ആദിവാസി ഭൂമിയില്‍ കൊടികുത്തിയ വിവരവും ജാനുവിന് അറിയാവുന്നതാണ്. ഇതെല്ലാമറിഞ്ഞിട്ടും പടിക്കലിലെ ആദിവാസികളുടെ വനാവകാശം സംരക്ഷിക്കാനുള്ള സമരകണ്‍വന്‍ഷനില്‍ ജാനുവിനെ പങ്കെടുപ്പിക്കാന്‍ കെ.പി.എം.എസ്/ നാഡോ തുടങ്ങിയ സംഘടനകള്‍ തീരുമാനിച്ചത് ഉചിതമായില്ലെന്നും ഗോത്രമഹാസഭ ചൂണ്ടിക്കാട്ടുന്നു.
ദളിത് ആദിവാസി സംഘടനകള്‍ക്ക് വ്യക്തമായ ലക്ഷ്യബോധവും സംഘപരിവാര്‍ വിരുദ്ധ നിലപാടും വേണമെന്നാണ് തങ്ങളുടെ തീരുമാനമെന്നും ഗോത്രമഹാസഭ വ്യക്തമാക്കി.
ഫെബ്രുവരി 22നാണ് ആദിവാസികളുടെ വനാവകാശം സംരക്ഷിക്കാന്‍ കെ.പി.എം.എസ് നാഡോ തുടങ്ങിയ സംഘടനകള്‍ സമരകണ്‍വന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ആദിവാസികളുടെ ഭൂസമരത്തിന് ബി.ജെ.പിയുടെ പിന്തുണ ആവശ്യമില്ലെന്ന് അടുത്തിടെ ഗോത്രമഹാസഭ നേതാവ് ഗീതാനന്ദന്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ സമരത്തിന്റെ പിതൃത്വം ഏറ്റെടുക്കേണ്ടെന്നും ഗീതാനന്ദന്‍ തുറന്നടിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top