ന്യൂഡല്‍ഹി: ഗോവയില്‍ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കോണ്‍ഗ്രസിന്റെ അവശ്യം നിരാകരിച്ചത്. എന്നാല്‍ ഗോവ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. മുതിര്‍ന്ന അംഗത്തെ പ്രോടൈം സ്പീക്കറാക്കിയാണ് വിശ്വാസവോട്ട് നേടേണ്ടത് എന്ന് കോടതി നിര്‍ദേശിച്ചു.വിശ്വാസ വോട്ട് വെള്ളിയാഴ്ച രാവിലെ നടത്താനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഗോവയില്‍ 17 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും കുതിരക്കച്ചവടത്തിലൂടെ ബിജെപി അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു ഹര്‍ജിയിലെ പരാതി. ബിജെപിക്ക് കോവല ഭൂരിപക്ഷമായ 21 അംഗങ്ങളുടെ പിന്തുണയില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളി. ബിജെപിക്ക് ഭൂരിപക്ഷമില്ലെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന് ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് നിരീക്ഷിച്ചു. ഇതിന്റെ തെളിവുകള്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ടെങ്കിലും എന്തുകൊണ്ട് ഹാജരാക്കിയില്ലെന്നും കോടതി ചോദിച്ചു. മുതിര്‍ന്ന അഭിഭാഷകനും പാര്‍ട്ടി നേതാവുമായ അഭിഷേക് മനു സിംഗ്‌വിയാണ് കോണ്‍ഗ്രസിന് വേണ്ടി ഹാജരായത്.