തിരുവനന്തപുരം: മദ്യവും മയക്കുമരുന്നും മത്സ്യമാംസാദികളും ഒരുപോലെയാണെന്നും അവ ഉപയോഗിക്കരുതെന്നുമുള്ള വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത പ്രതിഷേധം പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ അടക്കമുള്ളവര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ ‘മയക്കുമരുന്ന് കുട്ടികളില്‍; പ്രശ്‌നങ്ങളും പരിഹാരവും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യവെയാണ് മലയാളികളില്‍ 90 ശതമാനത്തിലധികം വരുന്ന മിശ്രഭുക്കുകളെ തരംതാഴ്ത്തിക്കൊണ്ടുള്ള പ്രസ്താവന രവീന്ദ്ര നാഥ് നടത്തിയത്. പ്രകൃതിയില്‍ നിന്നുള്ള ഭക്ഷണമില്ലാതെ മറ്റൊന്നും കഴിക്കരുതെന്നും മത്സ്യം, മാംസം, മുട്ട, പുകയില, മയക്കമരുന്ന്, മദ്യം എന്നിവയുടെ രുചി തനിക്കറിയില്ലെന്നും പ്രസംഗ മധ്യേ രവീന്ദ്രനാഥ് പറഞ്ഞു.
സംഘപരിവാറിന്റെ വിദ്വേഷ പ്രചരണങ്ങളോട് സാമ്യതയുള്ള പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധത്തിന് കാരണമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തുവന്നു. പൊരിച്ച മാംസത്തെ മാത്രമാണ് താന്‍ എതിര്‍ത്തതെന്നും എണ്ണയില്‍പ്പൊരിച്ച മത്സ്യം, മാംസം തുടങ്ങിയവയില്‍ ധാരാളം കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ടെന്നും ഇവ കഴിക്കുന്നതിലൂടെ നാഢീവ്യൂഹത്തിന് തകരാറുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍ ഉള്‍പ്പെടെ നിരവധി പേരാണ് രവീന്ദ്രനാഥിന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയത്. ‘മത്സ്യത്തെയും മാംസത്തെയും മദ്യത്തോടും മയക്കുമരുന്നിനോടും താരതമ്യപ്പെടുത്തുന്നതിലൂടെ കേരള വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് സംഘികളുടെ താളത്തിന് തുള്ളുകയാണ്. പ്രൊഫസര്‍, താങ്കള്‍ മാര്‍ക്‌സിസ്റ്റാണോ? എന്റെ പാത്രത്തിലേക്ക് ഒളിഞ്ഞു നോക്കരുത്’ എന്‍.എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
സാമ്പത്തികവും സാമൂഹികവുമായ പലതരം അസമത്വങ്ങള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളാണ് പലപ്പോഴും മയക്കുമരുന്നുകള്‍ ഉള്‍പെടെയുള്ള പല വിപത്തുകളുടേയും വ്യാപനത്തിന് കാരണമാകുന്നത്. എന്നാല്‍ എന്തു പ്രലോഭനങ്ങള്‍ ഉണ്ടായാലും മയക്കുമരുന്നുകളും ആരോഗ്യത്തിന് ഹാനികരമായ ആഹാരങ്ങളും മറ്റും ഉപയോഗിക്കുകയില്ലെന്ന് ഉറച്ച തീരുമാനം എടുക്കാന്‍ കുട്ടികള്‍ക്ക് കഴിയണം. അത്തരം നിശ്ചയദാര്‍ഢ്യം വിദ്യാര്‍ഥികള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്തവനയ്‌ക്കെതിരെ സോഷ്യല്‍മീഡിയയിലും മറ്റും കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. താന്‍ ഒരു വെജിറ്റേറിയന്‍ ആണെന്ന് പറയാനും മത്സ്യ മാംസാദികള്‍ ജീവിതത്തില്‍ ഒരിക്കലും രുചിച്ചു നോക്കിയിട്ട് പോലുമില്ലെന്ന് ഊറ്റം കൊള്ളാനുമുള്ള മന്ത്രി അദ്ദേഹത്തിന്റെ അവകാശം മാനിക്കുന്നു.
എന്നാല്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തെ മദ്യവും മയക്കുമരുന്നുമായി അദ്ദേഹം താരതമ്യം ചെയ്തിട്ടുണ്ടെങ്കില്‍ അത് വെറും വിവരക്കേടായി തള്ളാവുന്നതല്ല. പശു ദേശീയത സാംക്രമിക രോഗമായി പുരോഗമന കോട്ടകള്‍ തുളച്ചു കയറുന്നതാണ്. ഹിറ്റ്‌ലര്‍ ഒരു സസ്യഭുക്കായിരുന്നു സഖാവേ. ഇന്ത്യയിലെ ഹിറ്റ്‌ലര്‍മാരും അങ്ങനെ തന്നെയെന്നായിരുന്നു എന്നാണ് ഹിന്ദു പത്രത്തിന്റെ പ്രത്യേക ലേഖകന്‍ കെ. എ ഷാജി പ്രസ്താവനയോട് പ്രതികരിച്ചത്. വിദ്യഭ്യാസ മന്ത്രിയോ അതോ ഏതോ ഹൈന്ദവ സ്വാമിയോ? കള്ളും കഞ്ചാവും മത്സ്യ മാംസങ്ങളും പ്രകൃതിയില്‍ നിന്ന് തന്നെയല്ലെ ഉണ്ടാകുന്നത്? പ്രകൃതിയില്‍ അലിഞ്ഞ് ചേര്‍ന്ന് ജീവിക്കുമ്പോള്‍ നമ്മുടെ ശരാശരി ആയുസ്സ് 35 ആയിരുന്നില്ലെ ?
വിദ്യാഭ്യാസ മന്ത്രിക്ക് അവശ്യം വേണം വിദ്യാഭ്യാസമെന്നായിരുന്നു പാലക്കാട് സ്വദേശി അരുണ്‍ എന്‍.എം പ്രതികരിച്ചത്. ഇടതുനേതാക്കള്‍ക്കെങ്കിലും ശാസ്ത്രബോധം ഇല്ലാതാകുന്നത് നിരാശാജനകമാണെന്നും ചിലര്‍ പ്രതികരിച്ചു. മന്ത്രിയുടെ പ്രസ്താവന തന്നെ അത്ഭുതപ്പെടുത്തിയെന്നും ബീഫ് കഴിക്കുന്നതിനെതിരെ ഫാസിസ്റ്റ് ശക്തികള്‍ പ്രതികരിക്കുന്ന ഈ സമയത്തു തന്നെ മത്സ്യമാംസാദികള്‍ക്കെതിരെ പറഞ്ഞ മന്ത്രിയുടെ പ്രസ്താവന കേരളത്തിന് നാണക്കേടാണെന്നും പ്ലാച്ചിമട ഉന്നതാധികാര സമിതി അംഗം എസ്. ഫൈസി അഭിപ്രായപ്പെട്ടു.