ചില്ലറ വില്‍പ്പന മേഖല കുത്തകകള്‍ക്കായി മലര്‍ക്കെ തുറന്ന് മോദി സര്‍ക്കാര്‍; നിര്‍മ്മാണ മേഖലയും കുത്തകകള്‍ പിടിക്കും

ന്യൂഡല്‍ഹി: ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപത്തിന് കൂടുതല്‍ ഇളവ് നല്‍കുന്ന തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. നിര്‍മ്മാണ മേഖലയില്‍ 100 ശതമാനവും എയര്‍ ഇന്ത്യയില്‍ 49 ശതമാനവും വിദേശ നിക്ഷേപത്തിനാണ് മന്ത്രിസഭ അനുമതി നല്‍കിയത്. വ്യോമയാന, നിര്‍മ്മാണ മേഖലകളിലെ നേരിട്ടുളള വിദേശ നിക്ഷേപ ചട്ടങ്ങളും കേന്ദ്രം ലഘൂകരിച്ചു. നോട്ട് നിരോധനത്തില്‍ തകര്‍ന്ന് നില്‍ക്കുന്ന ചില്ലറ വില്‍പ്പന മേഖലയുടെ വീഴ്ച ഇതോടെ പൂര്‍ണ്ണമാകും.

ഇതോടെ ഒറ്റബ്രാന്‍ഡ് ചില്ലറ വില്‍പന മേഖലയില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഇടപെടാനുള്ള സാഹചര്യമൊരുങ്ങി. രാജ്യത്തെ ചെറുകിട വിപണിയെ ദൂരവ്യാപകമായി ബാധിക്കുന്ന തീരുമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി എടുത്തകളയാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. വിദേശ നിക്ഷേപം കൂടുതല്‍ എത്തുന്നത് ജിഡിപി വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഇളവനുവദിച്ചിരിക്കുന്നത്.

നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ വലിയ മാറ്റമാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് എയര്‍ ഇന്ത്യയിലെ വിദേശ നിക്ഷേപത്തിന്റെ പരിധി 49 ശതമാനമാക്കിയതാണ്. വിദേശ വിമാന കമ്പനികള്‍ക്ക് ഇനി 49 ശതമാനം വരെ എയര്‍ ഇന്ത്യയില്‍ സര്‍ക്കാര്‍ അനുമതിയോടെ നിക്ഷേപിക്കാന്‍ സാധിക്കും. നിക്ഷേപ പരിധി 49 ശതമാനമാക്കിയതുകൊണ്ട് ഉടമസ്ഥാവകാശം സര്‍ക്കാരിന്റെ കൈയില്‍ നിലനില്‍ക്കും എന്നതു മാത്രമാണ് ആശ്വാസം.

ചില്ലറ വില്‍പന മേഖലയില്‍ നുറു ശതമാനം വിദേശ നിക്ഷേപത്തിന് നിലവില്‍ അനുമതി ഉണ്ടായിരുന്നു. എന്നാല്‍ നിക്ഷേപം നടത്താന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമായിരുന്നു. ഈ നിബന്ധനയാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞിരിക്കുന്നത്. നേരത്തെ 49 മുതല്‍ 100 ശതമാനം വരെ വിദേശ നിക്ഷേപത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമായിരുന്നു. നിര്‍മാണ മേഖലയിലും സര്‍ക്കാര്‍ അനുമതി ആവശ്യമില്ലാതെ 100 ശതമാനം നിക്ഷേപം നടത്താം.

നോട്ട് അസാധുവാക്കല്‍, ജിഎസ്ടി എന്നിവ മൂലം സാമ്പത്തിക മേഖലയില്‍ ഉണ്ടായ മാന്ദ്യം മറികടക്കാനാണ് പുതിയ തീരുമാനമെന്നാണ് വിവരം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെത്തിയ വിദേശ നിക്ഷേപത്തിന്റെ അളവ് 6008 കോടി ഡോളറായിരുന്നു. പുതിയ ഇളവോടെ ഇത് 10000 കോടി ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് രംഗത്തെത്തി. ബിജെപി തിരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ചെന്ന് സംഘടന കുറ്റപ്പെടുത്തി.

Top