
തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പരസ്യപ്പെടുത്താനാകില്ലെന്ന മുന്‍ നിലപാടില്‍ മലക്കം മറിഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാര്‍. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചത്.എന്നാല്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ ഉത്തരവായ ശേഷം 48 മണിക്കൂറിനകം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറിയുടെ പുതിയ ഉത്തരവ് പുറത്തിറക്കുകയായിരുന്നു.. തീരുമാനം നടപ്പാക്കിയ ശേഷമേ നല്‍കാനാവൂ എന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.
ഉത്തരവുകള്‍ പുറത്തിങ്ങുന്ന സമയത്ത് തന്നെ സര്‍ക്കാരിന്റെ വെബ്സൈറ്റായ വ്വ്വ്.കെരല.ഗൊവ്.ഇന്ല് പ്രസിദ്ധിപ്പെടുത്തണമെന്നാണ് സര്‍ക്കുലറിലുള്ളത്. വകുപ്പുകള്‍ക്ക് പ്രത്യേകം വെബ്സൈറ്റ് ഉണ്ടെങ്കില്‍ അവയിലും ഈ ഉത്തരവുകള്‍ പ്രസിദ്ധപ്പെടുത്തണം. തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുന്നതിനൊപ്പം ഇവയുടെ പകര്‍പ്പ് പൊതുഭരണ വകുപ്പിനും നല്‍കും.
മന്ത്രിസഭാ തീരുമാനത്തിന്മേലുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ അക്കാര്യം ബന്ധപ്പെട്ട മന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ശ്രദ്ധയില്‍ പെടുത്തണം. ഇക്കാര്യം പൊതുഭരണ വകുപ്പിനെയും രേഖാമൂലം അറിയിക്കണം. മന്ത്രിസഭാ തീരുമാനത്തിലെ ഉത്തരവ് അംഗീകരിക്കേണ്ടത് അതത് വകുപ്പിന്റെ പൂര്‍ണ ചുമതലയുള്ള നിര്‍ദിഷ്ട സെക്രട്ടറിമാരാണ്.
പ്രസ്തുത ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തില്‍ ഫയല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ അപ്പീല്‍ പോകുമെന്ന നിലപാടില്‍ തന്നെ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്.