കൊച്ചി: എറണാകുളത്ത് കുണ്ടന്നൂര്‍ മേല്‍പ്പാല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ലോകത്തെ ഏറ്റവും നീളമേറിയ കേബിള്‍ ശൃംഖല മുറിഞ്ഞു. ഭൂമിക്കടിയിലൂടെയും കടലിനടിയിലൂടെയും വ്യാപിച്ച് കിടക്കുന്ന വാര്‍ത്താ വിനിമയ കേബിള്‍ ശൃംഖലയായ സീ മീ വീ 3 ആണ് മുറിഞ്ഞത്. തെക്ക് കിഴക്ക് ഏഷ്യ, മധ്യ പൂര്‍വ്വേഷ്യ, പടിഞ്ഞാറന്‍ യൂറോപ്പ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ശൃംഖലയാണ് മുറിഞ്ഞത്.
സീ മീ വീ3 യുടെ ജംക്ഷന്‍ ബോക്സിനും തകരാറു പറ്റി. ബിഎസ്എന്‍എല്ലിന്റേതടക്കമുള്ള നെറ്റ് വര്‍ക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഒപ്ററിക്കല്‍ ഫൈബറുകളില്‍ മൂന്നെണ്ണത്തില്‍ ഒരെണ്ണത്തിനാണ് തകരാറ് സംഭവിച്ചത്. കൊച്ചിയിലും മുംബൈയിലുമാണ് സീ മീ വീ 3 യുടെ ഇന്ത്യയിലെ ഹബ്ബ്. സീ മീ വീ 3 സിഗ്നലുകള്‍ ഇന്ത്യയില്‍ സ്വീകരിക്കുന്നത് വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ് ആണ്. വിഎസ്എന്‍ എല്‍ സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തെത്തി താല്‍ക്കാലിക ബദല്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
കേബിളുകള്‍ മുറിഞ്ഞതിനെ തുടര്‍ന്ന് പലയിടങ്ങളിലും ഇന്റര്‍ നെറ്റ് തടസപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. കേബിള്‍ പൊട്ടുന്നത് വിഎസ്എന്‍എല്ലിന് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നത്. നിരവധിയിടങ്ങളിലെ ഇന്റര്‍ നെറ്റ് ഉള്‍പ്പെടെയുള്ള വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ ബന്ധിപ്പിച്ച് ഭൂമിക്കടിയിലൂടെയും കടലിലൂടെയുമാണ് കേബിളുകള്‍ ഇട്ടിരിക്കുന്നത്.