കോഴിക്കോട്: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച പരാതിയില്‍ അദ്ധ്യാപക നേതാവിനെതിരെ കേസെടുത്തു. തലക്കുളത്തൂര്‍ പഞ്ചായത്തിലെ എടക്കര എ എസ് വി യു പി സ്‌കൂള്‍ അദ്ധ്യാപകനും ബിജെപിയുടെ അദ്ധ്യാപക സംഘടനയായ നാഷണല്‍ ടീച്ചേഴ്സ് യൂണിയന്‍ സംസ്ഥാന നേതാവുമായ ടി എ നാരായണനെതിരെയാണ് അത്തോളി പൊലീസ് ഇന്നലെ കേസെടുത്തത്.
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് തടയല്‍ നിയമം (പോസ്‌കോ) അനുസരിച്ചാണ് കേസെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് നന്മണ്ട ഡിവിഷനില്‍നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് നാരായണന്‍. ഇയാളിപ്പോള്‍ ഒളിവിലാണ്. അഞ്ച് വര്‍ഷം മുമ്പും ഇദ്ദേഹത്തിനെതിരെ സ്‌കൂളില്‍നിന്ന് സമാന പരാതി ഉണ്ടായിരുന്നു.
വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ വ്യാഴാഴ്ച ചൈല്‍ഡ്ലൈന്‍ അധികൃതര്‍ സ്‌കൂളിലെത്തി കുട്ടികളില്‍നിന്ന് രേഖാമൂലം പരാതി വാങ്ങിയിരുന്നു. തുടര്‍ന്നാണ് പരാതി അത്തോളി പൊലീസിന് കൈമാറിയത്. വെള്ളിയാഴ്ച കുട്ടികളെ പേരാമ്പ്ര മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ ഉടന്‍ പൊലീസ് അറസ്റ്റ് ചെയ്തേയ്ക്കും.
പഠനത്തില്‍ പിന്നാക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ വൈകിട്ട് പ്രത്യേക ക്ലാസ് നടക്കാറുണ്ട്. ഇതിന് എത്തുന്ന ഏഴ് വിദ്യാര്‍ത്ഥിനികളെയാണ് അദ്ധ്യാപകന്‍ ശരീര ഭാഗങ്ങളില്‍ പിടിച്ച് നിരന്തരം ശല്യംചെയ്തത്. ആണ്‍കുട്ടികളെ ക്ലാസില്‍നിന്ന് ഒഴിവാക്കിയ ശേഷമായിരുന്നുവത്രെ ‘അദ്ധ്യാപക വിനോദം’. പെണ്‍കുട്ടികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് രണ്ട് രക്ഷിതാക്കളാണ് കഴിഞ്ഞ ദിവസം സ്‌കൂള്‍ പ്രധാനാധ്യാപിക ശ്യാമള ടീച്ചര്‍ക്ക് പരാതി നല്‍കിയത്. പ്രധാനാധ്യാപിക വിവരം ചൈല്‍ഡ് ലൈനെ അറിയിക്കുകയായിരുന്നു.