കോഴിക്കോട്: പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹത്തെ അപമാനിച്ച പോലീസിന് കേരള സര്‍ക്കാരിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. കൊല്ലപ്പെട്ട ദേവരാജന്റെ സഹോദരനെ ഷര്‍ട്ട് കോളറില്‍ പിടിച്ച് പോലീസ് ഭീഷണിപ്പെടുത്തിയത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാല്‍ ഈ പോലീസ് ഉദ്യോഗസ്ഥന് ആഭ്യന്തര വകുപ്പിന്റെ പിന്തുണ.
ദേവരാജിന്റെ മൃതദേഹം ദഹിപ്പിക്കാന്‍ വൈകുന്നുവെന്ന് ആരോപിച്ച് കോഴിക്കോട് എഎസ്പി പ്രേം ദാസ് അടങ്ങുന്ന സംഘമാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. യൂണിഫോം പോലുമിടാതെ സ്ഥലത്തെത്തിയ എഎസ്പി ദേവരാജിന്റെ അമ്മ അമ്മിണിയുടെ സാന്നിധ്യത്തിലാണ് ശ്രീധരന്റെ കഴുത്തിന് കുത്തിപ്പിടിച്ച് അതിക്രമം കാട്ടിയത്. മനുഷ്യാവകാശ ദിനമായ ഇന്നലെയാണ് ഇത്തരമൊരു വാര്‍ത്ത പുറത്തു വന്നതെന്നതും ശ്രദ്ധേയമാണ്. ഓരോവ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശം ഉറപ്പു വരുത്തേണ്ട പൊലീസ് തന്നെ അമിതാധികാരപ്രയോഗം നടത്തിയെന്ന വാര്‍ത്ത ദേശിയതലത്തിലും ചര്‍ച്ചയായിരുന്നു.
മൃതദേഹത്തിനോട് പോലും സംസ്‌കാരമില്ലാതെയാണ് പൊലീസ് പെരുമാറിയതെന്ന് നവമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു. സംഭവത്തില്‍ പൊലീസ് നടപടിക്കെതിരെയും ആഭ്യന്തര വകുപ്പിനെതിരേയും പ്രതിഷേധമുയര്‍ന്നെങ്കിലും ഈ ഉദ്യോഗസ്ഥന് എല്ലാവിധ പിന്തുണയുമാണ് ആഭ്യന്തര വകുപ്പ് നല്‍കിയിരിക്കുന്നത്.