സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: രാജ്യത്ത് അടിയന്തര തീവ്രവാദ ആക്രമണങ്ങളോ അത്യാഹിതങ്ങളോ സംഭവിക്കുമ്പോള്‍ ഇടപടാന്‍ പരിശീലനം നല്‍കി തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന കമാന്‍ഡോകളുടെ ജോലി വിവിഐപികള്‍ക്കു കാവല്‍ നില്‍ക്കുക. രാജ്യത്തെ 16 വിവിഐപികള്‍ക്കു കാവലിനായി നിയോഗിച്ചിരിക്കുന്നത് 515 കമാന്‍ഡോകളെയാണ്.
പ്രത്യേക പരിശീലനവും ഏത് ആയുധവും ഉപയോഗിക്കാനും ഏതു യുദ്ധമേഖലയിലും ജോലി ചെയ്യാനും പരിശീലനം ലഭിച്ച സൈനിക കമാന്‍ഡോകള്‍ക്കാണ് വിവിഐപികള്‍ക്കു കാവല്‍ നില്‍ക്കേണ്ട ഗതികേട്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്,എല്‍.കെ അദ്വാനി, മുലായം സിങ് യാദവ് തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെട്ടതാണ് 16 പേരടങ്ങിയ വിഐപി പട്ടിക.
പ്രാഥമികമായും എന്‍എസ്ജിയെന്നത് ഭീകരരെ നേരിടുന്നതിനുള്ള സംഘമാണെങ്കിലും വിഐപികളുടെ സുരക്ഷാ ചുമതല കൂടി അവര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി ഹരിഭായ് പ്രതിഭായ് ചൗധരി പറഞ്ഞു.
തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ്, അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി, എജിപി നേതാവ് പ്രഫുല്ല കുമാര്‍ മഹന്ദ, ബിഎസ്പി നേതാവ് മായാവതി തുടങ്ങിയവരാണ് രാജ്യത്ത് കമാന്റോ സുരക്ഷയുള്ള മറ്റ് പ്രമുഖര്‍.