നരക വേദനയ്ക്ക് വിടനല്‍കി കൊച്ചു സുന്ദരി വിടപറഞ്ഞു; കണ്ണീര്‍ വാര്‍ത്ത് സോഷ്യല്‍ മീഡിയ

കാന്‍സര്‍ ബാധിച്ച് നരകിച്ചിരുന്ന നാല് വയസുകാരിയായിരുന്ന ജെസീക്ക വെലാന്റെ ദുഖം ലോകമേറ്റെടുത്തിരുന്നു. അര്‍ബുദത്തിന്റെ വേദന സഹിക്കാനാവാതെ കണ്ണടച്ച് കരഞ്ഞ അവളുടെ ചിത്രം മനസില്‍ നിന്നും ഇനിയും മാറിയിട്ടില്ല. ഇത്തരത്തില്‍ കാന്‍സറിന്റെ ക്രൂരതയുടെ പ്രതീകമായി മാറിയ നാല് വയസുകാരി ഇപ്പോള്‍ കണ്ണടച്ച് നിത്യനിദ്രയിലേക്ക് പോയിരിക്കുകയാണ്. കണ്ണീര്‍ അടങ്ങാതെ സോഷ്യല്‍ മീഡിയ ഇപ്പോഴും ഈ കുഞ്ഞിനെ ഓര്‍ത്ത് വിഷമിക്കുകയുമാണ്. ജെസീക്ക കാന്‍സറിന്റെ വേദനയാല്‍ കരയുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം അവളുടെ പിതാവായ ആന്‍ഡി വെലാനായിരുന്നു കുറച്ച് നാള്‍ മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഇട്ടിരുന്നത്.

ലങ്കാഷെയറിലെ ഓസ്വാള്‍ഡ്ട്വിസ്റ്റിലെ ഈ പെണ്‍കുട്ടി സ്റ്റേജ് ഫോര്‍ ന്യൂറോബ്ലാസ്റ്റോമയ്ക്ക് ചികിത്സയാരംഭിച്ചിരുന്നത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു.പെണ്‍കുട്ടിയുടെ ചികിത്സയ്ക്കായി അപരിചിതര്‍ 76,000 പൗണ്ട് സംഘടിപ്പിച്ച് നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ ഏഴ് മണിക്കായിരുന്നു ജെസീക്കയുടെ അന്ത്യം. തന്റെ മകള്‍ അനുഭവിച്ച നരകയാതന അവളുടെ പിതാവ് ഓണ്‍ലൈനില്‍ വെളിപ്പെടുത്തിയിരുന്നു. കുട്ടികളുടെ കാന്‍സറിനെ കുറിച്ച് ലോകത്തെ ബോധവല്‍ക്കരിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. തുടര്‍ന്ന് ഇന്നലെ രാവിലെയാണ് തന്റെ മകള്‍ മരിച്ച വിവരം അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. തന്റെ മകള്‍ക്ക് വേദനയില്‍ നിന്നും മുക്തിയുണ്ടായെന്നും അവസാനം അവള്‍ സമാധാനത്തിലെത്തിയെന്നുമാണ് ആന്‍ഡി വെലാന്‍ പോസ്റ്റിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ രാത്രി മകള്‍ തന്നെ ചേര്‍ത്ത് പിടിക്കാന്‍ അനുവദിച്ചിരുന്നുവെന്നും ഗാഢമായ ആശ്ലേഷത്തില്‍ അമര്‍ന്നിരുന്നുവെന്നും താന്‍ എത്രമാത്രം അവളെ സ്‌നേഹിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നുവെന്നും ആ പിതാവ് വ്യക്തമാക്കുന്നു.ജെസീക്കയുടെ കുടുംബം ഗോഫണ്ട്മി സൈറ്റിലൂടെ 20,000 പൗണ്ട് അവളുടെ ചികിത്സക്കായി സമാഹരിച്ചിരുന്നു. എന്നാല്‍ അവളുടെ വേദനയാര്‍ന്ന ചിത്രം പിതാവ് ജെസീക്കാ ബ്ലോഗിലൂടെ പുറത്ത് വിട്ടതിനെ തുടര്‍ന്ന് സംഭാവന മണിക്കൂറുകള്‍ക്കകം കുത്തനെ ഉയര്‍ന്നിരുന്നു.കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കകം 3300ല്‍ അധികം പേര്‍ സംഭാവന നല്‍കിയിരുന്നു. ഇതിന് പുറമെ ജെസീക്കയുടെ കുടുംബത്തെ പിന്തുണയ്ക്കുന്ന സന്ദേശങ്ങളും അവര്‍ അയച്ചിരുന്നു. ജനത്തിന്റെ ഈ പ്രതികരണം കണ്ട് തങ്ങള്‍ വിനയാന്വിതരായിപ്പോയെന്നാണ് ആന്‍ഡി പ്രതികരിച്ചിരിക്കുന്നത്.

ജെസീക്കയുടെ ചികിത്സയ്ക്കും യാത്രാ ചെലവിനും ഭക്ഷണത്തിന് പ്രസ്തുത തുക നന്നായി പ്രയോജനപ്പെട്ടുവെന്നാണ് ആന്‍ഡി പറയുന്നത്.ജെസീക്കയ്ക്ക് അവസാന കാലത്ത് ആഗ്രഹിച്ചതെല്ലാം സാധിച്ച് കൊടുക്കാന്‍ പ്രസ്തുത തുകയിലൂടെ സാധിച്ചുവെന്നും ആന്‍ഡി വെളിപ്പെടുത്തുന്നു. ചികിത്സയ്ക്ക് വേണ്ടി ആളുകളോട് പണം ചോദിക്കാന്‍ തങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും എന്നാല്‍ ആളുകള്‍ ഇങ്ങോട്ട് സഹായ വാഗ്ദാനവുമായി വന്നപ്പോഴാണ് ഇതിന് മുന്നിട്ടിറങ്ങിയതെന്നും ആന്‍ഡി വെളിപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുമുള്ള ഉദാരമനസ്‌കരുടെ പ്രതികരണം അത്ഭുതപ്പെടുത്തുന്നതായിരുന്നുവെന്നും ആ പിതാവ് പറയുന്നു. ജെസീക്കയ്ക്ക് വേണ്ടി തനിക്ക് 3000 ഇമെയിലുകള്‍ ലഭിച്ചതിന് പുറമെ ഫേസ്ബുക്ക് മെസേജുകളും ടെക്സ്റ്റുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചിരുന്നുവെന്നാണ് പിതാവ് വെളിപ്പെടുത്തുന്നത്

Top