മുംബൈ: ശരീരത്തിനെ കീഴ്‌പ്പെടുത്താനെത്തിയ ക്യാന്‍സറിനെയും മനസിനെ തകര്‍ക്കാന്‍ ശ്രമിച്ച ധോണിയെയും തോല്‍പ്പിച്ച് ഇന്ത്യയുടെ ഇടംകയ്യന്‍ സൂപ്പര്‍ താരം യുവരാജ് വീണ്ടും ഇന്ത്യന്‍ ടീമിന്റെ പടികടന്നെത്തുന്നു. 2007 ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബോര്‍ഡിന്റെ ഒരോവറിലെ ആറു പന്തും സിക്‌സറിനു പറത്തിയ യുവി വീണ്ടും ടീമില്‍ തിരികെ എത്തുന്നത് ഇന്ത്യന്‍ ആരാധകര്‍ക്കു ഇരട്ടിമധുരമാകുകയാണ്.
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലാണ് യുവി വീണ്ടും ഇടപിടിച്ചിരിക്കുന്നത്.
ഇടംകൈയന്‍ പേസര്‍ ആശിഷ് നെഹ്‌റയും ഒരു ഇടവേളയ്ക്കു ശേഷം ട്വന്റി20 ടീമില്‍ ഇടംകണ്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കളിച്ച ട്വന്റി20 ടീമില്‍നിന്ന് ആറ് മാറ്റങ്ങളാണ് സെലക്ടര്‍മാര്‍ വരുത്തിയത്. യുവ്രാജ് സിങ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ആശിഷ് നെഹ്‌റയും 22 വയസുകാരനായ പുതുമുഖ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ടീമിലെത്തിയപ്പോള്‍ എസ്. അരവിന്ദ്, സ്റ്റുവര്‍ട്ട് ബിന്നി, അമിത് മിശ്ര, അക്ഷര്‍ പട്ടേല്‍, അമ്പാട്ടി റായിഡു, മോഹിത് ശര്‍മ എന്നിവര്‍ പുറത്തേക്കുള്ള വഴികണ്ടു. എം.എസ്.ധോണിയെ അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പ് വരെ നായകനായി നിലനിര്‍ത്തി. ഏകദിന ടീമിലും ധോണി തന്നെയാണു നായകന്‍. ജനുവരി 12 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി20 കളും കളിക്കും. 2014 ലെ ട്വന്റി20 ലോകകപ്പ് ഫൈനലിലാണ് യുവ്രാജ് ഇന്ത്യക്കു വേണ്ടി അവസാനം കളിച്ചത്. 2011 ഏകദിന ലോകകപ്പിലെ മാന്‍ ഓഫ് ദ സീരിസായിരുന്നു യുവി. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനമാണ് യുവിയെ ടീമില്‍ തിരിച്ചെത്തിച്ചത്. ഇന്നലെ നടന്ന മത്സരത്തില്‍ സര്‍വീസസിനെ തോല്‍പ്പിച്ച് പഞ്ചാബ് നോക്കൗട്ട് ഉറപ്പാക്കിയിരുന്നു. 83 പന്തില്‍ നാല് സിക്‌സറിന്റെയും എട്ട് ഫോറുകളുടെയും അകമ്പടിയില്‍ 98 റണ്ണെടുത്ത യുവിയാണ് പഞ്ചാബിനെ 323 റണ്ണെന്ന കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ സഹായിച്ചത്. 2014 ലെ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ 21 പന്തില്‍ 11 റണ്ണെടുത്ത് ഇഴഞ്ഞതോടെയാണ് യുവി ടീമില്‍നിന്നു പുറത്തായത്. ഇന്ത്യയെ ആറ് വിക്കറ്റിനു തോല്‍പ്പിച്ച് ശ്രീലങ്ക ജേതാക്കളുമായി. 2011 ലാണ് ആശിഷ് നെഹ്‌റ ഇന്ത്യക്കു വേണ്ടി അവസാനം കളിച്ചത്. കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനമാണ് ആശിഷ് നെഹ്‌റയ്ക്കു തുണയായത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി 16 കളികളില്‍നിന്ന് 22 വിക്കറ്റെടുക്കാന്‍ നെഹ്‌റയ്ക്കായി. പഞ്ചാബിന്റെ യുവ പേസര്‍ ബ്രാനീന്ദര്‍ സ്രാണ്‍ ഏകദിന ടീമിലെ പുതുമുഖം. വിജയ് ഹസാരെ ട്രോഫിയില്‍ സ്രാണ്‍ ആറ് കളികളിലായി 14 വിക്കറ്റെടുത്തിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പിനു ശേഷം ഷാമിക്കു പരുക്കു മൂലം കളിക്കാനായിരുന്നില്ല. 17 വിക്കറ്റെടുത്ത ഷാമി ലോകകപ്പില്‍ വിക്കറ്റ് വേട്ടയില്‍ രണ്ടാമനായിരുന്നു. സുരേഷ് റെയ്‌നയെ ഏകദിന ടീമില്‍നിന്ന് ഒഴിവാക്കി. വെറ്ററന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിനെയും ട്വന്റി20 ടീമില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണു രവീന്ദ്ര ജഡേജയെ ഏകദിന ടീമില്‍ തിരിച്ചെത്തിച്ചത്. സിംബാബ്‌വേ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരേ നടന്ന ഏകദിന പരമ്പരകളില്‍ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തിയിരുന്നില്ല.
ടീം ഏകദിനം: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ, മനീഷ് പാണ്ഡെ, എം.എസ്. ധോണി (നായകന്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, അക്ഷര്‍ പട്ടേല്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ഗുര്‍കീരത് സിങ്, റിഷി ധവാന്‍, ബ്രാനീന്ദര്‍ സ്രാണ്‍.
ട്വന്റി20 ടീം ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ, യുവ്രാജ് സിങ്, എം.എസ്. ധോണി (നായകന്‍), സുരേഷ് റെയ്‌ന, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഹര്‍ഭജന്‍ സിങ്, ഉമേഷ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ.