മീററ്റ്: അധികാരമോഹം മനുഷ്യനെ എത്രമാത്രം അധപതിപ്പിക്കുമെന്നതിന് സമാനതകളില്ലാത്ത ഒരു ഉദാഹരണം. തെരഞ്ഞെടുപ്പില്‍ ജയിക്കാനായി സ്വന്തം സഹോദരനേയും കൂട്ടുകാരനെയും വകവരുത്തി സഹതാപ തരംഗമുയര്‍ത്താന്‍ ശ്രമിച്ച ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. ഖുര്‍ജ മണ്ഡലത്തില്‍ മത്സരിക്കുന്ന മനോജ് കുമാര്‍ ഗൗതമാണ് ഒന്നാംഘട്ട തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇരട്ടക്കൊലപാതകം നടത്തിയത്.
കഴിഞ്ഞ ദിവസമാണ് മനോജ് കുമാര്‍ ഗൗതത്തിന്റെ സഹോദരന്‍ വിനോദിന്റെയും കുടുംബസുഹൃത്ത് സച്ചിന്റെയും മൃതദേഹങ്ങള്‍ മാവിന്‍ തോട്ടത്തില്‍ കണ്ടെത്തിയത്. രണ്ട് ദിവസത്തിന് ശേഷം സംഭവത്തില്‍ ഗൗതമിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ ബി.എസ്.പി സ്ഥാനാര്‍ഥയായി മത്സരിക്കാന്‍ ആഗ്രഹിച്ചെങ്കിലും മനോജ് കുമാര്‍ ഗൗതത്തിന് സീറ്റ് ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് അജിത് സിങ്ങിന്റെ ആര്‍എല്‍ഡിയാണ് ഇയാള്‍ക്ക് സീറ്റ് നല്‍കിയത്. എങ്ങനെയും തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതാണ് ഇയാളെ കൊലപാതകത്തില്‍ കൊണ്ടെത്തിച്ചത്.
സഹോദരന്റെ മരണവാര്‍ത്ത പുറത്ത് വിട്ട് ജനങ്ങള്‍ക്കിടയില്‍ സഹാനുഭൂതി ഉണ്ടാക്കിയാല്‍ വിജയിക്കാം എന്ന് മനോജ് കുമാര്‍ ഗൗതം കണക്കുകൂട്ടി. ഇതനുസരിച്ച് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ പുറത്തുവരുന്ന രീതിയില്‍ ഇയാള്‍ കൊലപാതകം ആസൂത്രണം ചെയ്തു. ആര്‍എല്‍ഡി ജനറല്‍ സെക്രട്ടറിയും അജിത് സിങ്ങിന്റെ മകനുമായ ജയന്ത് ചൗധരി തിരഞ്ഞെടുപ്പ് റാലി നടത്തുന്ന ദിവസം ഇരുവരെയും വധിക്കാന്‍ മനോജ് കുമാര്‍ വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കി. ഇവരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ മറ്റൊരാള്‍ ഒളിവിലാണ്. ബി.എസ്.പിയുടെ അര്‍ജുന്‍ സിങ്ങ്, ബി.ജെ.പിയുടെ വിജേന്ദര്‍ സിങ്ങ്, കോണ്‍ഗ്രസിലെ ബാന്‍ഷി സിങ്ങ് എന്നിവരാണ് മനോജിന്റെ എതിരാളികള്‍.