മുംബൈ: മഹേന്ദ്രസിങ് ധോണി കരിയറിലെ അവസാന ഏകദിനമാണോ ഞായറാഴ്ച വാംഖഡെയില്‍ കളിച്ചതെന്ന ചോദ്യമാണ് ഇന്ത്യയുടെ കീഴടങ്ങലിനു പിന്നാലെ ക്രിക്കറ്റ് ലോകത്ത് കേള്‍ക്കുന്നത്. നേടിയ കിരീടങ്ങളുടെയും വിജയങ്ങളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ എന്ന പദവിക്ക് അര്‍ഹനായ ധോണിയുടെ കീഴില്‍ ഏറ്റവും മോശം വര്‍ഷത്തിലൂടെയാണ് ഇന്ത്യ ഇപ്പോള്‍ കടന്നുപോകുന്നത്. 2015ല്‍ ക്യാപ്റ്റന്‍ കൂളിന് കീഴില്‍ ഒരു പരമ്പരപോലും ഇന്ത്യ ജയിച്ചിട്ടില്ല. ഏകദിനത്തില്‍ ഈ വര്‍ഷത്തെ ഏക പരമ്പര സ്വന്തമായതാകട്ടെ, രണ്ടാം നിര ടീമിനെ നയിച്ച് സിംബാബ്വെക്കെതിരെ 30 ജയം നേടിയ അജിന്‍ക്യ രഹാനെക്ക് കീഴില്‍.
വര്‍ഷാദ്യത്തില്‍ ആസ്‌ട്രേലിയന്‍ മണ്ണില്‍ ഇംഗ്‌ളണ്ട് കൂടി ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പര തോറ്റ് തുടങ്ങിയ ഇന്ത്യ, മികച്ച പോരാട്ടത്തിനിടയിലും ലോകകപ്പും അടിയറവെച്ചാണ് മടങ്ങിയത്. പിന്നീട് ബംഗ്‌ളാദേശിലും നാണംകെട്ടു. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധനാണെന്ന പറച്ചിലിലേക്കുവരെ ആ തോല്‍വി കാരണമായി. ഇപ്പോള്‍, സ്വന്തം മണ്ണില്‍ തോല്‍വി. അതും മൂന്നു വര്‍ഷത്തെ ഇടവേളക്കുശേഷം. ധോണിയുടെ മാന്ത്രികത ഇന്ത്യന്‍ ക്രിക്കറ്റിനെ വിട്ടുപോയിരിക്കുന്നുവെന്നുള്ള മുറവിളികള്‍ക്ക് ആക്കംകൂട്ടിയുള്ള തോല്‍വി ഒരു യുഗാന്ത്യത്തിന് സമയമായെന്ന് വിളിച്ചുപറയുന്നു. 2016 ട്വന്റി20 ലോകകപ്പ് കഴിഞ്ഞേ തന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കൂവെന്ന് ഇതിനകം ധോണി വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ചില്‍ നടക്കുന്ന ലോകകപ്പ് വരെ ഇന്ത്യക്ക് മറ്റൊരു ഏകദിനപ്പോരാട്ടമില്ല എന്നത് കണക്കിലെടുക്കുമ്പോള്‍, 50 ഓവര്‍ പോരില്‍ വാംഖഡെ ധോണിയുടെ അവസാന കളമായിരുന്നുവെന്ന അനുമാനം ഏറക്കുറെ ശരിയാകുമെന്ന നിലയിലാണ്.