
സ്വന്തം ലേഖകൻ
ചങ്ങനാശേരി: കഴിഞ്ഞ ജനുവരി 30ന് തൃക്കൊടിത്താനത്ത് കോട്ടമുറിയിലുള്ള വീട്ടിൽ ചീട്ടുകളി നടക്കവെ ചീട്ടുകളിച്ചുകൊണ്ടിരുന്നവരിൽ നിന്നും നാലര ലക്ഷം രൂപ പിടിച്ചു പറിച്ച കേസിലെ പ്രധാന പ്രതിയായ തെങ്ങുവിള വീട്ടിൽ ബിജു (വാൾ ബിജു42) എന്നയാളെ ഷാഡോ പോലീസ് കല്ലമ്പലത്തുനിന്നും പിടികൂടി.
രണ്ടുമാസം മുമ്പ് ഈ കേസിലെ പ്രതികളായ മിഥുൻ, അലോട്ടി എന്നിവർ പോലീസ് പിടിയിലായിരുന്നു. പോലീസിനെ തെറ്റിദ്ധരിപ്പിച്ചു കൂടെയുള്ളവർ എറണാകുളം കാരാണെന്നു പറഞ്ഞതനുസരിച്ച് കൂടുതൽ അന്വേഷണം നടത്തിയെങ്കിലും ഇവർ പറഞ്ഞതു തെറ്റാണെന്നു മനസ്സിലാക്കി. പോലീസ് കൂടുതൽ അന്വേഷണം നടത്തിയതിൽ ഇതിലെ പ്രധാന പ്രതിയായ ബിജുവിനെ കല്ലമ്പലത്തുനിന്നും പിടികൂടി.
ബിജുവിന് നിലവിൽ 28 കേസ്സുകൾ ഉണ്ട്. പിടിച്ചുപറി, മോഷണം, വെട്ട് കേസ് എന്നിവയാണ് ഇതിൽ പ്രധാനം. വാൾ ഉപയോഗിച്ചു നിരവധി പേരെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതിനെതിരെ 14 കേസ്സുകൾ ഉണ്ട്. മിഥുനും ബിജുവും തിരുവനന്തപുരം സെൻട്രൽ ജയിലിൽ കിടന്നപ്പോൾ ഉള്ള പരിചയം വെച്ചാണ് മിഥുൻ വിളിച്ചപ്പോൾ കല്ലമ്പലത്തുനിന്നും ബിജു തൃക്കൊടിത്താനത്ത് എത്തിയത്. ബിജുവിനെ ചോദ്യം ചെയ്തതിൽ നിന്നും സംഘത്തിൽപ്പെട്ട പലരേയും പിടികൂടിയതായി സൂചനയുണ്ട്. ബിജുവിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കോട്ടയം ജില്ലാ പോലീസ് മേധാവി എൻ.രാമചന്ദ്രൻ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ചങ്ങനാശേരി ഡി.വൈ.എസ്.പി കെ.ശ്രീകുമാർ സി.ഐ സക്കറിയാ മാത്യു തൃക്കൊടിത്താനം എസ്.ഐ സുധീഷ് കുമാർ, ഷാഡോ പോലീസിന്റെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ കെ.കെ റെജി, പ്രദീപ് ലാൽ സീനിയർ സി.പി.ഒമാരായ സിബിച്ചൻ ജോസഫ്, ആന്റണി, പ്രതീഷ് രാജ് എന്നിവർ അന്വേഷണത്തിനു നേതൃത്വം നൽകി.