തിരുവനന്തപുരം: കേരളത്തിന്റെ പുതിയ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെത്തുമ്പോള്‍ കോണ്‍ഗ്രസിലെ പടയാളിയുടെ പുതിയ നീക്കത്തിന്റെ തുടക്കം. ലക്ഷ്യങ്ങളിലേക്കുള്ള കുതിപ്പുകള്‍ക്ക് രമേശ് ചെന്നിത്തലയക്ക് ഒന്നു തടസമായിരുന്നില്ല. 26ാം വയസില്‍ എംഎല്‍എ. മൂന്നു കൊല്ലം കൂടി കഴിഞ്ഞപ്പോള്‍ സംസ്ഥാനം കണ്ടതില്‍ വച്ചേറ്റവും പ്രായം കുറഞ്ഞ മന്ത്രി. പാര്‍ട്ടിയുടെ ഉന്നതസമിതി അംഗം, ലോക്സഭാംഗം. ഇപ്പോള്‍ സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃസ്ഥാനവും. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പല പ്രതിസന്ധികളും ശത്രുക്കളും ചെന്നിത്തലയെയും തേടിയെത്തിയെങ്കിലും നിശ്ബദമായി എല്ലാം തന്റെ ശൈലിയില്‍ നേരിട്ടു.
ഷഷ്ടിപൂര്‍ത്തി സമ്മാനമായാണിപ്പോള് ചെന്നിത്തലയ്ക്കു പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചിരിക്കുന്നത്. വരുന്ന ഒമ്പതിനു ചെന്നിത്തല 60 വയസിലേക്കു പ്രവേശിക്കുകയാണ്. പല ഉന്നതപദവികളും കടന്ന് ഇപ്പോള്‍ ശക്തനായ ഒരു പ്രതിപക്ഷ നേതാവിന്റെ റോളില്‍ തിളങ്ങുകയെന്ന ഗൗരവമേറിയ ജോലിയാണു പാര്‍ട്ടി രമേശിനെ ഏല്‍പ്പിച്ചിരിക്കുന്നത്.
അപ്രതീക്ഷിതമായായിരുന്നു പല നേട്ടങ്ങളും രാഷ്ട്രീയജീവിതത്തില്‍ രമേശിനെ തേടിയെത്തിയത്. 26ാം വയസ്സില്‍ എംഎല്‍എ ആയതും 29ാം വയസ്സില്‍ മന്ത്രിയായതും മുതല്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവായതും അങ്ങനെ തന്നെ. ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവാകാനില്ലെന്ന് സ്വയം പ്രഖ്യാപിച്ചതോടെയാണ് ആ പദവി രമേശിനെത്തേടിയെത്തിയത്. പ്രതിസന്ധി ഘട്ടത്തില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത രമേശിന്റെ നേതൃപാടവം സഭയിലും തുണയാകുമെന്നാണു പാര്‍ട്ടിയുടെ വിശ്വാസം. ഹൈക്കമാന്‍ഡിനും രമേശിന്റെ കാര്യത്തില്‍ ഏറെ പ്രതീക്ഷയാണുള്ളത്.
ലീഡര്‍ എന്നു ജനങ്ങള്‍ സ്നേഹപൂര്‍വം വിളിക്കുന്ന കെ കരുണാകരനാണു വളരെ ചെറുപ്പത്തില്‍ തന്നെ രമേശിനെ കൈപിടിച്ചുയര്‍ത്തിയത്. കരുണാകരനുശേഷം പ്രതിപക്ഷ നേതൃസ്ഥാനത്തെത്തുന്ന ഐ ഗ്രൂപ്പ് നേതാവെന്ന പ്രത്യേകതയും രമേശിനുണ്ട്.
കെഎസ്യു യൂണിറ്റ് സെക്രട്ടറിയായി 1970ല്‍ ചെന്നിത്തല ഹൈസ്കൂളിലാണു രമേശ് രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയത്. 1980ല്‍ കെഎസ്യുവിന്റെ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു. 1982ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട്ടു നിന്നു സിപിഐ(എം) നേതാവ് അഡ്വ. പി.ജി. തമ്പിയെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. തൊട്ടടുത്ത വര്‍ഷം എന്‍എസ്ഐ ദേശീയ പ്രസിഡന്റായി ഡല്‍ഹിയിലേക്ക്. തുടര്‍ന്നായിരുന്നു പടിപടിയായി രാഷ്ട്രീയ വളര്‍ച്ച. 1985ല്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി. 1986ല്‍ 28 ാം വയസ്സില്‍ കരുണാകരന് മന്ത്രിസഭയില്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ചുമതലയേറ്റു. അതേ കൊല്ലം തന്നെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായി.
ഹരിപ്പാട്ടു നിന്നു ’87 ല്‍ വീണ്ടും നിയമസഭാംഗമായി. ’89ല്‍ കോട്ടയത്തു സിറ്റിങ് എംപി സുരേഷ് കുറുപ്പിനെ തോല്പിച്ചു പാര്‍ലമെന്റിലേക്ക്. 1990ല്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയും ദക്ഷിണേന്ത്യക്കാരനുമായിരുന്നു രമേശ്. 1991ല്‍ കോട്ടയത്തു നിന്നു വീണ്ടും പാര്‍ലമെന്റിലേക്ക്. 1995ല്‍ എഐസിസി ജോയിന്റ് സെക്രട്ടറിയായി. 1996ല്‍ വീണ്ടും കോട്ടയം എംപി. 1998ല്‍ എഐസിസി സെക്രട്ടറിയായി. ’99ല്‍ മാവേലിക്കരയില്‍ നിന്നു പാര്‍ലമെന്റംഗമായി. 2001ല്‍ അഞ്ചു സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയുള്ള എഐസിസി സെക്രട്ടറിയായി. 2004ല്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ അംഗത്വം ലഭിച്ചു.
സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള രമേശിന്റെ മടക്കം 2005ലാണ്. തിരിച്ചെത്തിയതു കെപിസിസി പ്രസിഡന്റ് ആയി. സംഘടന കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്വമായിരുന്നു രമേശിന്. 2011ല്‍ ഹരിപ്പാട്ടു നിന്നു വീണ്ടും നിയമസഭയിലെത്തി. വിവാദങ്ങള്‍ നിറഞ്ഞ കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ 2014ല്‍ ആഭ്യന്തര വിജിലന്‍സ് വകുപ്പു മന്ത്രിയായി ചുമതലയേറ്റു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്നു ജയിച്ച ഏക യുഡിഎഫ് സ്ഥാനാര്‍ത്ഥിയും രമേശാണ്. ഹരിപ്പാട്ടു നിന്നു നാലാം തവണയും വന്‍ ഭൂരിപക്ഷത്തോടെയായിരുന്നു അദ്ദേഹത്തിന്റെ വിജയം. ഭാര്യ അനിതയും മക്കളായ ഡോ. രോഹിത്തും രമിത്തും പൂര്‍ണ പിന്തുണയുമായി രമേശിനൊപ്പമുണ്ട്.