കോട്ടയം; പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ബോബനും മോളിയും എന്ന കാര്‍ട്ടൂണിലൂടെയാണ് ശ്രദ്ധേയനായത്. ഓര്‍മ്മകളിലെ രേഖാചിത്രം എന്ന പേരില്‍ ടോംസിന്റെ അനുഭവകുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു.
1929ല്‍ കുട്ടനാട്ടില്‍ വി.ടി.കുഞ്ഞിത്തൊമ്മന്റെയും സിസിലി തോമസിന്റെയും മകനായി ടോംസ് ജനിച്ചു. തെരീസാക്കുട്ടി ആണു സഹധര്‍മ്മിണി. മൂന്ന് ആണ്മക്കളും മൂന്ന് പെണ്മക്കളും ഉണ്ട്. ബിരുദധാരണത്തിനു ശേഷം മലയാള മനോരമയില്‍ 1961ല്‍ കാര്‍ട്ടൂണിസ്റ്റായി ജോലി തുടങ്ങി. 1987ല്‍ വിരമിക്കുന്നതുവരെ മനോരമയില്‍ തുടര്‍ന്നു.
ടോംസിന്റെ ഏറ്റവും പ്രശസ്തമായ കാര്‍ട്ടൂണാണ് ബോബനും മോളിയും. മനോരമ വാരികയിലൂടെ 40 വര്‍ഷത്തോളം അദ്ദേഹം ബോബനും മോളിയും വരച്ചു. ടോംസിന്റെ പ്രധാന കഥാപാത്രങ്ങളായ ബോബനും മോളിയും, കേസില്ലാ വക്കീലായ അച്ഛന് പോത്തന്, അമ്മ മറിയ, മറ്റുകഥാപാത്രങ്ങളായ അപ്പിഹിപ്പി തുടങ്ങിയവര്‍ മലയാളിയുടെ സുപരിചിതരായ കഥാപാത്രങ്ങലാണ്..