കൊച്ചി: അവധിക്ക് വീട്ടിലെത്തിയ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിനെതിരെ കേസ് എടുത്തു. അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസികളായ പെൺകുട്ടികളെ അവധിക്കാലത്ത് വീട്ടിൽ കൊണ്ടുപോയശേഷം പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിനെതിരെയാണ് കേസ്. ആലുവ ജനസേവാ ശിശുഭവനിലെ പെൺകുട്ടിയാണ് പിതാവ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. പത്തുവർഷത്തിലേറെയായി ജനസേവാ ശിശുഭവനിൽ അന്തേവാസികളാണ് ഇടുക്കിക്കാരായ പെൺകുട്ടികൾ.
ഇവരുടെ അച്ഛൻ രണ്ടുതവണ വിവാഹം ചെയ്തു. ഇരുഭാര്യമാരും ഇപ്പോള്‍ ഒപ്പമില്ല. സ്കൂൾ അവധികളിൽ ശിശുക്ഷേമ സമിതിയുടെ അനുമതി വാങ്ങി ജനസേവയില്‍ നിന്ന് പെൺകുട്ടികളെ അച്ഛൻ വീട്ടില്‍ കൊണ്ടുപോയിരുന്നു. ഏറ്റവുമൊടുവില്‍ പോയപ്പോഴത്തെ അനുഭവം പെൺകുട്ടികളിലൊരാൾ മനോരമ ന്യൂസിലൂടെ വെളിപ്പെടുത്തി.
അവധിക്കാലം എത്തിയതോടെ ഇവരെ വീണ്ടും വീട്ടിലേക്ക് കൊണ്ടുപോകാൻ അച്ഛൻ ശ്രമം തുടങ്ങി. പോകാൻ വയ്യെന്ന് നിലപാടെടുത്താണ് ഇതുവരെ തുറന്നുപറയാതിരുന്ന അച്ഛന്റെ സ്വഭാവദൂഷ്യം ഇവർ വെളിപ്പെടുത്തിയത്. ജനസേവ അധികൃതരും ഇങ്ങനെയാണ് വിവരമറിഞ്ഞത്. പിന്നാലെ പൊലീസിൽ അറിയിച്ചു. പേടികൊണ്ടാണ് ഇതുവരെ പുറത്ത് അറിയിക്കാതിരുന്നതെന്ന് കുട്ടികള്‍ മൊഴി നൽകി. കേസ് റജിസ്റ്റർ ചെയ്ത ആലുവ പൊലീസ് കുട്ടികളുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങി.