കണ്ണൂര്‍: കള്ളവോട്ടിന് ആഹ്വാനം ചെയ്‌തെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എയുടെ പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരമാണ് സുധാകരനെതിരെ കേസ് എടുത്തത്. എന്നാല്‍ താനല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് കള്ളവോട്ട് നേടി വിജയിച്ചതെന്ന് സുധാകരന്‍ പ്രതികരിച്ചു. ഉദുമ മണ്ഡലത്തിലെ കൊയിലാച്ചിയില്‍ കളനാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ചേര്‍ന്ന യുഡിഎഫിന്റെ ബൂത്ത് തല കുടുംബയോഗത്തിലാണ് കെ സുധാകരന്‍ പരസ്യമായ കള്ളവോട്ട് ആഹ്വാനം നടത്തിയത്. കുടുംബയോഗത്തില്‍ പങ്കെടുത്തയാള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ ദൃശ്യമായിരുന്നു പുറത്ത് വന്നത്.
പ്രവര്‍ത്തകര്‍ സടകുടഞ്ഞ് എഴുന്നേറ്റാല്‍ ഇത് കയ്യിലൊതുക്കാം. പോളിങ് ശതമാനം 90 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തണം. ആരും ഇത് പുറത്തു പറയണ്ട. വിജയിക്കാന്‍ സാധ്യത ഉണ്ടാകണമെങ്കില്‍ എത് വിധേനയും പോളിങ്ങ് ശതമാനം ഉയര്‍ത്തണമെന്ന് സുധാകരന്‍ പറഞ്ഞു. അതിനായി സ്വര്‍ഗത്തില്‍പോയവരും നരകത്തില്‍പോയവരും പുറത്തുള്ളവരും ഇവിടെ വോട്ട് ചെയ്യണം. 58 മുതല്‍ 73.5 ശതമാനം വരെ മാത്രം ശരാശരി പോളിങ്ങ് നടക്കുന്ന മണ്ഡലത്തിലെ 90 ശതമാനം പോളിംഗ്, അതാണ് നിങ്ങള്‍ക്കുള്ള ടാര്‍ജറ്റെന്നുമാണ് കെ സുധാകരന്‍ പ്രവര്‍ത്തകരോട് പറയുന്നത്. എതിരാളികളോട് കള്ളവോട്ട് ചെയ്യരുതെന്ന് ഉപദേശിച്ച് നന്നാക്കാന്‍ കഴിയില്ല. നരകത്തില്‍പോയവരും സ്വര്‍ഗത്തില്‍ പോയവരും അവര്‍ക്ക് വോട്ട് ചെയ്യുന്നുണ്ടെങ്കില്‍ പടച്ചോന്‍ അതിന് അയക്കുന്നവര്‍ ഇവിടെയും വന്ന് വോട്ട് ചെയ്യണം. നാട്ടിലില്ലാത്തവന്‍ വോട്ട് ചെയ്യുന്നുണ്ടെങ്കില്‍ ഇവിടെയും അങ്ങനെ ചെയ്യണമെന്നും സുധാകരന്‍ ആഹ്വാനം ചെയ്യുന്നു. സ്വര്‍ഗത്തില്‍ പോയവരും നരകത്തില്‍ പോയവരും രാവിലെ ബൂത്തില്‍ എത്തി വോട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ 94 ശതമാനമാക്കെയാണ് ഭൂരിപക്ഷം. നമുക്ക് നമ്മുടെ വോട്ടുകള്‍ കൃത്യമായി പോള്‍ചെയ്യിക്കാന്‍ സാധിച്ചാലും അത് 7580 ശതമാനത്തിലോ എത്തുന്നുള്ളു. അങ്ങനെയെങ്കില്‍ പറയട്ടെ, കേരളത്തില്‍ രാഷ്ട്രീയ രംഗത്ത് നമുക്ക് പ്രതീക്ഷിനാകാത്തത് ഒക്കെ സംഭവിക്കുമെന്നും സുധാകരന്‍ പറയുന്നതായുള്ള വീഡിയോ ആയിരുന്നു പുറത്തായത്. ഈ വീഡിയോ സഹിതമാണ് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കുഞ്ഞിരാമന്‍ പരാതി നല്‍കിയിരുന്നത്.