കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വിദ്യാര്‍ഥികളെ കബളിപ്പിച്ചെന്ന പരാതിയില്‍ കാരന്തൂര്‍ മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി എന്നിവരുള്‍പ്പെടെ 14 പേര്‍ക്കെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തു. മര്‍കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി (എം.െഎ.ഇ.ടി) പ്രിന്‍സിപ്പല്‍ സായികുമാര്‍, അക്കാദമി ഡയറക്ടര്‍ ഷബീബ്, ഒാേട്ടാമൊബൈല്‍ എന്‍ജിനീയറിങ് വകുപ്പ് തലവന്‍ ഷമീര്‍, സിവില്‍ എന്‍ജിനീയറിങ് വകുപ്പ് തലവന്‍ ഷബീറലി, മര്‍കസ് ആര്‍ട്സ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ്, എ.ജി.എം ഉനൈസ് മുഹമ്മദ്, ഹസന്‍കുട്ടി, അബ്ദുല്‍ ഹകീം അസ്ഹരി, മുഹമ്മദ്, െഎ.ടി.െഎ മാനേജര്‍ മുഹമ്മദലി സഖാഫി വള്ളിയാട്, സുനില്‍ തുടങ്ങിയവരാണ് കേസില്‍പ്പെട്ട മറ്റുള്ളവര്‍.
മര്‍കസുസ്സഖാഫതിസ്സുന്നിയ്യ, മര്‍കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് എന്‍ജിനീയറിങ് ടെക്നോളജി എന്നിവക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൂര്‍വ വിദ്യാര്‍ഥി മലപ്പുറം പെരഗമണ്ണ എടപ്പറ്റ മുഹമ്മദ് നസീബ് ജില്ല പൊലീസ് മേധാവി ജെ. ജയനാഥിന് നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബന്ധപ്പെട്ടവരെ വ്യാഴാഴ്ച കുന്ദമംഗലം പൊലീസ് ചോദ്യംചെയ്യുമെന്നാണ് വിവരം. പരാതിക്കാരനോട് രേഖകള്‍ സഹിതം സ്റ്റേഷനിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
എം.െഎ.ഇ.ടിയിലെ കോഴ്സുകള്‍ എ.െഎ.സി.ടി.ഇ, എല്ലാ സംസ്ഥാനങ്ങളുടെയും പി.എസ്.സി, യു.പി.എസ്.സി, എം.എച്ച്.ആര്‍.ഡി, ടെക്നിക്കല്‍ എജുക്കേഷന്‍ ബോര്‍ഡ്, നോര്‍ക്ക എന്നിവ അംഗീകരിച്ചിട്ടുണ്ടെന്ന് സ്ഥാപനം ഇന്‍റര്‍നെറ്റിലും പത്രത്തിലും പരസ്യം നല്‍കിയിരുന്നു. ഇതുകണ്ട് ചേര്‍ന്ന താന്‍ 2012 മുതല്‍ 2015 വരെ ഒാേട്ടാമൊബൈല്‍ എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്സിന് പഠിച്ചിരുന്നു. എന്നാല്‍, കോഴ്സ് പൂര്‍ത്തിയാക്കി മഹീന്ദ്ര കമ്പനിയില്‍ ജോലി ലഭിക്കുന്നതിന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോഴാണ് കോഴ്സിന് അംഗീകാരമില്ലെന്ന് വ്യക്തമായത് എന്ന് പരാതിയില്‍ പറയുന്നു. ഒന്നര ലക്ഷത്തോളം രൂപയാണ് കോഴ്സിന് ഫീസ് ഇൗടാക്കിയത്.
തുടക്കത്തില്‍തെന്ന ചിലര്‍ സംശയം ഉന്നയിച്ചപ്പോള്‍ 2007-2008ലെ നോട്ടിഫിക്കേഷെന്‍റ പകര്‍പ്പും മറ്റൊരു ഉത്തരവിെന്‍റ പകര്‍പ്പും മാനേജ്മെന്‍റ് കാണിച്ച് കോഴ്സിന് അംഗീകാരമുണ്ടെന്ന് ഉറപ്പുനല്‍കുകയായിരുന്നുവെത്ര. 450 വിദ്യാര്‍ഥികള്‍ വഞ്ചിക്കപ്പെട്ടതായി നസീബ് പറയുന്നു. പിന്നീട് സ്ഥാപന മാനേജ്മെന്‍റുമായി വിദ്യാര്‍ഥികള്‍ പലതവണ ചര്‍ച്ച നടത്തി. തുടര്‍ന്നുണ്ടാക്കിയ കരാറില്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നും പരാതിയില്‍ പറയുന്നു.