ന്യൂഡല്‍ഹി: ലോകത്തില്‍ അശ്ലീല സൈറ്റുകള്‍ കാണുന്നവരില്‍ വലിയൊരു വിഭാഗം ഇന്ത്യാക്കാരും ഉള്‍പ്പെടുമെന്നാണ് കണക്കുകള്‍. ഇത്തരം സൈറ്റുകള്‍ നിയന്ത്രിക്കാന്‍ ബിജെപി ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭാരത സംസ്‌കാരത്തിന്റെ പേര് പറഞ്ഞ് നടത്തുന്ന അത്തരം നീക്കങ്ങള്‍ക്കെതിരെ നിരവധിപ്പേര്‍ രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അശ്ലീല ദൃശ്യങ്ങളോടുള്ള ഭര്‍ത്താവിന്റെ അമിത ആസക്തി തന്റെ ജീവിതം തകര്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭാര്യ സുപ്രീം കോടതയില്‍ ഹര്‍ജിനല്‍കിയിരിക്കുകയാണ്. അശ്ലീല സൈറ്റുകള്‍ കുടുംബജീവിതം താറുമാറാക്കിയെന്നും ഇത്തരം സൈറ്റുകള്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് മുംബൈ സ്വദേശിനിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
കുട്ടികളുടേയും യുവാക്കളുടേയും ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന അശ്ലീലസൈറ്റുകള്‍ അടിയന്തരമായി നിരോധിക്കുന്നതിന് സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഭര്‍ത്താവ് ഉന്നത വിദ്യാഭ്യാസമുള്ള ആളായിട്ടും വര്‍ഷങ്ങളായി അദ്ദേഹം അശ്ലീല ദൃശ്യങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണ്. എല്ലാ ദിവസവും ഇന്റര്‍നെറ്റില്‍ ഇതിനായി ധാരാളം സമയം ചിലവഴിക്കുന്നു. തത്ഫലമായി ഭര്‍ത്താവിന്റെ മാനസികാവസ്ഥയില്‍ത്തന്നെ വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു, ഇതോടൊപ്പം തന്റെ വിവാഹജീവിതവും ആകെ തകര്‍ന്നിരിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
അശ്ലീല സൈറ്റുകള്‍ യുവാക്കളുടെ ജീവിതത്തെയാണ് കൂടുതല്‍ ബാധിക്കുന്നത്. കാണുന്നവരുടെ ജീവിതത്തെ മാത്രമല്ല ഇവരോടൊപ്പം ജീവിക്കുന്നവരുടെ ജീവിത്തെയും ബാധിക്കുന്നുണ്ട്. അശ്ലീലം സൗജന്യമായി പ്രചരിക്കുന്ന ഇത്തരം സൈറ്റുകള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തയാണ് ഇതിന് ആകെയുള്ള പോംവഴിയെന്നും സാമൂഹ്യപ്രവര്‍ത്തക കൂടിയായ സ്ത്രീ പറയുന്നു. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ തടയണമെന്ന് അടുത്തിടെ സുപ്രീംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം സൈറ്റുകളെ നിരോധിക്കുന്നതിന് സാങ്കേതികമായ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.