തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിൽ എന്‍ പ്രശാന്ത് ഐഎഎസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ പരാതിയിലാണ് കേസ് എടുത്തത്.മാതൃഭൂമി ലേഖികയോടാണ് മോശമായി പെരുമാറിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു സംഭവം. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതികരണം ആരാഞ്ഞപ്പോഴാണ് ലേഖികയ്‌ക്ക് മോശം സന്ദേശം അയച്ചത്.
തുടർന്ന് കേരള പത്രപ്രവർത്തക യൂണിയൻ പോലീസിലും, മുഖ്യമന്ത്രിയ്‌ക്കും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പ്രശാന്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതേ തുടർന്നാണ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പ്രശാന്തിനെതിരെ കേസ്.അറസ്റ്റ് നടപടിയിലേയ്ക്ക് പൊലീസ് ഇപ്പോൾ പോകില്ലെന്നാണ് വിവരം. ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി) എംഡിയായ പ്രശാന്തിനോട് ഇപ്പോൾ സംസാരിക്കാൻ സൗകര്യമുണ്ടാവുമോ എന്നാരാഞ്ഞ് മാധ്യമപ്രവർത്തക അയച്ച സന്ദേശത്തിനാണ് അശ്ലീലം കലർന്ന സ്റ്റിക്കറുകളിലൂടെ പ്രതികരിച്ചത്. ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ പുറത്തുവന്നതോടെ പ്രശാന്തിനെതിരെ വൻ വിമർശനം ഉയർന്നിരുന്നു. പ്രശാന്തല്ല താനാണ് മറുപടികൾ അയച്ചതെന്ന് പറഞ്ഞ് ഭാര്യ ലക്ഷ്മി പ്രശാന്ത് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.