
ചെന്നൈ: തന്നെ ഭീഷണിപ്പെടുത്തിയാണ് ഒപ്പ് വാങ്ങിയതെന്ന് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി. സര്‍ക്കാരുണ്ടാക്കാന്‍ 130 എംഎല്‍എമാരുടെ പിന്തുണയുണ്ട് എന്ന് കാണിക്കാനായി ശശികല തയ്യാറാക്കിയ പട്ടികയില്‍ ഒപ്പിട്ട എസ്.പി.ഷണ്‍മുഖനാഥന്‍ എംഎല്‍എയാണ് ഇപ്പോള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തന്നെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഒപ്പ് വാങ്ങിയത്. എംഎല്‍എ വി.പി.കലൈരാജന്‍ കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തെയും ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞദിവസം ശശികല വിളിച്ചുചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുത്ത ഷണ്‍മുഖനാഥന്‍, അവരെ ഒളിസങ്കേതത്തിലേക്കു കൊണ്ടുപോകുന്നതിനു മുന്‍പ് രക്ഷപെടുകയായിരുന്നു.
അണ്ണാ ഡിഎംകെ എംഎല്‍എമാരെ എന്തിനാണ് ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നു വ്യക്തമാക്കണമെന്ന് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് ഡിജിപിയോട് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചു. എംഎല്‍എമാര്‍ എവിടെയെന്ന് ഹൈക്കോടതി ചോദിച്ചതിനു പിന്നാലെ ഡിജിപിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയിരുന്നു. ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥനും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.
അതിനിടെ, പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഇ. മധുസൂദനനെ ജനറല്‍ സെക്രട്ടറി ശശികല നീക്കി. പകരം, കെ.എ. സെങ്കോട്ടയ്യനെ നിയമിച്ചു. ശശികല പക്ഷത്തായിരുന്ന മധുസൂദനന്‍ കഴിഞ്ഞ ദിവസം പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു നടപടി. ഇതിനിടെ, ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി അംഗീകരിക്കരുതെന്നു കാണിച്ചു മധുസൂദനന്‍ തിരഞ്ഞെടുപ്പു കമ്മിഷനു കത്തെഴുതിയിട്ടുണ്ട്.