
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയിലും അഴിമതിക്കാര്‍ക്കെതിരായ പോരാട്ടവുമായി ജേക്കബ് തോമസ്.
കെ എം എബ്രഹാമിന്റെ വീടിലെ പരിശോധനയ്ക്ക് പിന്നാലെ തൊഴില്‍വകുപ്പ് സെക്രട്ടറി ടോം ജോസിനെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം തുടങ്ങി. ടോം ജോസിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഫ്ലാറ്റുകളില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തി. കെ എം എബ്രഹാമിന്റെ വീട്ടിലെ പരിശോധനക്കെതിരെ ടോം ജോസിന്റെ നേതൃത്വത്തിലുള്ള ഐഎഎസ് സംഘം ജേക്കബ് തോമസിനെതിരെ പരാതിപ്പെട്ടതിന് പിന്നാലെ തന്നെയാണ് ടോം ജോസിന്റെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടന്നത്. അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലന്‍സ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തതിനു ശേഷമാണ് പരിശോധന തുടങ്ങിയത്.
എറണാകുളത്തെ വീട്ടിലും റെയ്ഡ് നടത്താനെത്തിയെങ്കിലും വീട്ടില്‍ ആരുമില്ലാത്തതിനാല്‍ റെയ്ഡ് നടത്താന്‍ സാധിച്ചിട്ടില്ല. രാവിലെ ആറു മണിക്കാണ് റെയ്ഡ് തുടങ്ങിയത്. ടോം ജോസിന് അനധികൃത സ്വത്തുണ്ടെന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ രഹസ്യ അന്വേഷണത്തിന് ശേഷമാണ് മൂവാറ്റുപുഴ വിജലന്‍സ് കോടതിയില്‍ എഫ്ഐആര്‍ നല്‍കുകയും റെയ്ഡിന് അനുമതി വാങ്ങുകയും ചെയ്തത്. പൊതുമരാമത്തു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ വാങ്ങിയ ഭൂമിയും അനധികൃത സമ്പാദ്യമാണെന്നു വിജിലന്‍സ് അറിയിച്ചു. കൊച്ചിയിലെ പുതിയ ഫ്ലാറ്റിന്റെ സാമ്പത്തിക ഇടപാടും പരിശോധിക്കും. നിലവില്‍ തൊഴില്‍ വകുപ്പ് സെക്രട്ടറിയാണ് ടോം ജോസ്.
അതേസമയം, തന്റെ സ്വത്ത് നിയമപ്രകാരം വെളിപ്പെടുത്തിയിട്ടുള്ളതാണെന്ന് ടോം ജോസ് പ്രതികരിച്ചു. ചീഫ് സെക്രട്ടറി പരിശോധിച്ച് ഇതില്‍ വ്യക്തത വരുത്തിയതാണ്. തന്നെ വ്യക്തിപരമായി ആക്ഷേപിക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണു പരാതിക്കാരെന്നും ടോം ജോസ് കൂട്ടിച്ചേര്‍ത്തു.
കെ.എം.എം.എല്‍. എം.ഡി. ആയിരിക്കെ ടോം ജോസ് നടത്തിയ മഗ്നീഷ്യം ഇടപാടിലൂടെ സര്‍ക്കാരിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കേസിലും വിജിലന്‍സ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്ന് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തത്.പ്രാദേശിക വിപണിയില്‍ 1.87 കോടി രൂപയ്ക്ക് ലഭിക്കുന്ന അതേഗുണനിലവാരമുള്ള മഗ്നീഷ്യം വിദേശത്തുനിന്നു 2.62 കോടി രൂപയ്ക്ക് വാങ്ങി. ഇത്തരത്തില്‍ 162 മെട്രിക് ടണ്‍ ഇറക്കുമതി ചെയ്തു. ഇതിലൂടെ സര്‍ക്കാരിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കെ.എം.എം.എല്ലിലെ രണ്ട് ഉന്നതഉദ്യോഗസ്ഥരും കേസിലെ പ്രതികളാണ്.
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ ജില്ലയില്‍ 50 ഏക്കര്‍ ഭൂമി വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന പരാതിയിലും വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എറണാകുളം വിജിലന്‍സ് സെല്ലാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്. ടോം ജോസ് മഹാരാഷ്ട്രയിലെ ദോദാമാര്‍ഗ് താലൂക്കില്‍ എസ്റ്റേറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടില്‍ ദുരൂഹത ഉള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
2010 ഓഗസ്റ്റ് പതിനാറിനാണ് പൊതുമരാമത്ത് സെക്രട്ടറി ആയിരുന്ന ടോം ജോസ് സര്‍ക്കാര്‍ അനുമതി ഇല്ലാതെ മഹാരാഷ്ട്രയിലെ സിന്ദൂര്‍ഗ ജില്ലയിലെ ദോദാമാര്‍ഗ് താലൂക്കില്‍ ജിറോഡ് വില്ലേജില്‍ 45 ഏക്കറോളം എസ്റ്റേറ്റ് വാങ്ങിയത്. സര്‍ക്കാരിനെ അറിയിക്കാതെ എസ്റ്റേറ്റ് വാങ്ങിയതിനാല്‍ അന്നത്തെ ചീഫ് സെക്രട്ടറി പി. പ്രഭാകരന് ടോം ജോസിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം നീറമണ്‍കര ബ്രാഞ്ചില്‍ നിന്ന് 1.34 കോടി രൂപ വായ്പയും മറ്റു നിക്ഷേപങ്ങളും ഉപയോഗിച്ച് 1.63 കോടി രൂപയ്ക്കാണ് ദുമാസ്കറില്‍ നിന്ന് ടോം ജോസ് എസ്റ്റേറ്റ് വാങ്ങിയത്. എസ്റ്റേറ്റ് തനിക്ക് വില്ക്കുമ്പോള് ചെയ്യാമെന്നറിയിച്ച വികസന പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനാല്‍ 25 ലക്ഷം രൂപ ദുമാസ്കര്‍ തനിക്ക് തിരികെ തന്നെന്നും ടോം ജോസ് സര്‍ക്കാരിന് നല്കിയ കണക്കുകളില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം താന്‍ നിയമപരവും സുതാര്യവുമായാണ് എസ്റ്റേറ്റ് വാങ്ങിയതെന്നാണ് ടോം ജോസിന്റെ നിലപാട്. ഇടപാടുകള്‍ ബാങ്ക് വഴിയാണ് നടത്തിയതെന്നും സന്തോഷ് നകുല്‍ ദുമാസ്കറില്‍ നിന്നുതന്നെയാണ് ഭൂമി വാങ്ങിയതെന്നുമാണ് അന്ന് ടോം ജോസ് പ്രതികരിച്ചത്. ഭൂമി വാങ്ങുന്നത് രേഖകള്‍ പരിശോധിച്ചാണെന്നും വില്ക്കുന്നയാള് ദരിദ്രനാണോ എന്ന് അന്വേഷിക്കേണ്ടതില്ലെന്നും ടോം ജോസ് പറഞ്ഞു.
കഴിഞ്ഞദിവസം ധനവകുപ്പ് അ!ഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമിന്റെ വീട്ടിലും വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. വാറന്റില്ലാതെയും ചട്ടവിരുദ്ധവുമായാണു പരിശോധന നടത്തിയതെന്നു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു. നടപടിയില്‍ അമര്‍ഷവും പ്രതിഷേധവും വ്യക്തമാക്കി. ഇതോടെ വിജിലന്‍സ് ഡയറക്ടറും ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുമായുള്ള പോര് പൊട്ടിത്തെറിയിലേക്കു നീങ്ങി. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വീണ്ടും വിജിലന്‍സ് നീക്കം. ഐഎഎസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റാണ് ടോം ജോസ്.