സ്വന്തം ലേഖകൻ
തിരുവനന്തപുരം: നമ്മളറിയാതെ നമ്മുടെ പോക്കറ്റിൽ കള്ളപ്പണം വരുന്നുണ്ടോ..? നമ്മളറിയാതെ നമ്മുടെ പോക്കറ്റിൽ എന്നും എപ്പോഴും കള്ളപ്പണം വന്നു ചേരുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിനുള്ള തെളിവുകൾ പുറത്തു വരുന്നു.
ഇക്കഴിഞ്ഞ സെപ്തംബർ 30വരെ സമയം നൽകിയ കള്ളപ്പണം വെളുപ്പിക്കൽ പദ്ധതി (Income Declaration Scheme (IDS) 2016) പ്രകാരം 62,250 കോടി ആണ് രാജ്യമെമ്പാടും നിന്ന് സ്വമേധയാ വെളിപ്പെട്ടത്. ഇത് ആളുകൾ പത്തായത്തിലും കുളിമുറിയിലെ രഹസ്യ അറയിലും കട്ടിലിനടിയിലും നല്ല നോട്ടായി സൂക്ഷിച്ച് വച്ചത് തന്നെ. ഇങ്ങനെ ഒരു വെളുപ്പിക്കൽ പദ്ധതി പ്രഖ്യാപിച്ച ശേഷം പലപ്പോഴായി ചുമതലപ്പെട്ടവർ സെപ്തംബർ 30 ന് ശേഷം കടുത്ത നടപടി ഉണ്ടാകും എന്ന് പറഞ്ഞിരുന്നു. ഇത് വഴി മാത്രം നികുതി ഇനത്തിൽ സെപ്തംബർ കണക്കിൽ 29,362 കോടി കേന്ദ്ര ഖജനാവിൽ എത്തി.
മേൽ സൂചിപ്പിച്ചത് രാജ്യത്ത് നിലവിലുള്ള കള്ളപ്പണത്തിന്റെ ചെറിയ ഒരു പങ്കാണ് എന്ന് നിരീക്ഷകമതം. ഇങ്ങനെ ഒരു വെളുപ്പിക്കൽ സ്‌കീം കൊടുക്കാതെ കറൻസി പിൻവലിക്കൽ പണി യിലേക്ക് പോയാൽ അത് ഉദ്ദേശിച്ച ഫലം ചെയ്യില്ല.
നമ്മുടെ പക്കൽ കള്ളപ്പണം ഉണ്ടോ? ങേ അതൊരു ചോദ്യമാണല്ലോ! അതെ ഉണ്ടാകാം. വസ്തു വിറ്റപ്പോഴോ വാങ്ങിയപ്പോഴോ പ്രമാണത്തിൽ കാണിച്ച തുകയേക്കാൾ കൂടിയ ഇടപാടാണ് നടന്നതെങ്കിൽ നിങ്ങളുടെ കൈകളിലൂടെ കള്ളപ്പണം പോയിട്ടുണ്ട്. നിങ്ങൾ വിറ്റവകയിൽ കിട്ടിയ പണം ആണെങ്കിൽ അത് ഇപ്പോൾ റിസർവ് ബാങ്ക് അംഗീകൃത ബാങ്കിൽ അല്ല എങ്കിൽ ഇപ്പോഴത്തെ നീക്കത്തിൽ ലേശം പരിക്ക് പറ്റാൻ സാധ്യത പ്രശ്‌നവശാൽ കാണുന്നുണ്ട്.
സ്‌കൂൾ/കോളെജ് പ്രവേശനത്തിന് നിയമപ്രകാര രശീത് ഇല്ലാതെ തലവരിപ്പണം കൊടുത്തിട്ടുണ്ടോ അല്ലെങ്കിൽ അധ്യാപക നിയമനത്തിനായി മാനേജ്‌മെന്റിന് കോഴപ്പണം നൽകിയിട്ടുള്ളത് രസീത് ഇല്ലാതെ കൈയ്യിൽ നിന്ന് കൈയ്യാൽ (cash and carry) ഏർപ്പാട് ആയിരുന്നെങ്കിൽ നിങ്ങൾ കള്ളപ്പണം തൊട്ടു. കൊടുത്തത് കൊടുത്തു. അവിടെ വാങ്ങിയവരുടെ പക്കൽ എന്തെങ്കിലും റെയ്‌ഡോ മറ്റോ നടന്ന് അവർ നിങ്ങളാണ് നൽകിയതെന്ന് വെളിപ്പെടുത്തിയാലോ അല്ലെങ്കിൽ വല്ല പേരോടെ പണപുസ്തകമോ ഡയറിക്കുറിപ്പോ വിജിലൻസ് ഡയറക്ടർ തോമസ് ജേക്കബിന്റെ ജീൻ ഉള്ളവർ പൊക്കിയാലോ? പിന്നെ ധിം തരികിട തോം.
കൈക്കൂലി വാങ്ങുന്നവർ അത് പല ഇടത്തായി കറൻസി ആയി തന്നെ സൂക്ഷിക്കും എന്ന് വായിച്ചിട്ടുണ്ട്, അടുത്ത ചങ്ങാതിമാർ പറഞ്ഞറിവുണ്ട്. മറ്റ് ചിലർ ആകട്ടെ നോട്ടെണ്ണൽ യന്ത്രം തന്നെ വീട്ടിൽ വച്ചു ‘മണി’യെണ്ണുന്നു എന്ന് കഴിഞ്ഞ സർക്കാരിന്റെ അവസാന ലാപ്പിൽ കേട്ടല്ലോ. അങ്ങനെയെണ്ണിയ പണം ബാങ്കിൽ/മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനത്തിൽ അല്ലാതെ കിടപ്പുണ്ടങ്കിൽ അത് കള്ളപ്പണം. പിന്നെ ചില വിദ്വാൻമാർ ലോക്കർ ഒക്കെ എടുത്ത് അതിൽ കറൻസി വയ്ക്കുമത്രേ.
. ബില്ലടിക്കാതെ കച്ചവടം നടത്തുന്നവർ, ഹോട്ടൽ പോലെ കാഷ് വഴി ഇടപാട് നടത്തുന്ന സാമാന്യം നല്ല ലാഭം ഉണ്ടാക്കുന്നവർ ഒക്കെ കൃത്യമായി നികുതി അടയ്ക്കാത്ത പക്ഷം അതെല്ലാം കള്ളപ്പണം. മേൽ ൽ സൂചിപ്പിച്ച വെളുപ്പിക്കൽ പദ്ധതിയിൽ വടക്ക് ഒരു വട പാവ് കടക്കാരൻ ഒന്നും രണ്ടുമല്ല 50 കോടിയാണ് വെളുപ്പിച്ച് തടിയൂരിയത് എന്ന വാർത്ത വന്ന മഷി ഉണങ്ങിക്കാണില്ലല്ലോ.
കണക്കിൽ പെടാത്ത സിനിമ വരുമാനം, കൊട്ടേഷൻ സംഘങ്ങൾ മുതൽ അനധികൃത മണലൂറ്റ്, കള്ള് കച്ചവട ടീംസ് ഒക്കെ ബില്ലടിച്ച് കൊടുത്തല്ലല്ലോ ഇക്കണ്ട ഇടപാടൊക്കെ നടത്തുന്നത്. ആ പണമെല്ലാം നല്ല നോട്ടായി എവിടെയെങ്കിലും അട്ടി ഇട്ടിട്ടുണ്ടാകും. ഇലക്ഷൻ റിപ്പോർട്ട് ചെയ്യാൻ പോയ പത്രപ്രവർത്തക സുഹൃത്തുക്കൾ ഈ അടുത്ത ആഴ്ചകളിൽ തന്നെ അങ്ങനെ കറൻസി നോട്ട് അട്ടിയിട്ട് വച്ച് കണ്ട കാഴ്ചയെ പറ്റി എഴുതിയത് ഓർക്കുക
മേൽപ്പറഞ്ഞ 1 മുതൽ 7 വരെ ചില ഉദാഹരണങ്ങൾ മാത്രം. കള്ളപ്പണം, വരവിൽ കവിഞ്ഞ സ്വത്ത് ഒക്കെ സൂക്ഷിക്കുന്നത് നല്ലൊരു പങ്ക് കറൻസി ആയിട്ടോ അല്ലെങ്കിൽ റിസർവ് ബാങ്ക് നോട്ടം എത്താത്ത നിക്ഷേപം ആയിട്ടോ ആണ്.