പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പണം നല്‍കുന്ന വീഡിയോ പുറത്ത്; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന് ഇടതുമുന്നണി

കൊച്ചി: പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായ സി പി മുഹമ്മദ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വോട്ടര്‍മാര്‍ക്ക് പണംനല്‍കി സ്വാധീനിക്കുന്ന രംഗങ്ങള്‍ പുറത്ത്. സിപിഐഎം പൊളിറ്റ് ബ്യൂറോ മെംബര്‍ പിണറായി വിജയനാണ് ഇത് വ്യക്തമാക്കുന്ന വീഡിയോ ഫെയ്‌സ്ബുക്ക് വഴി പുറത്ത് വിട്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീടുകളില്‍ സന്ദര്‍ശനത്തിനെത്തുന്ന എംഎല്‍എ വീട്ടിലുള്ള സ്ത്രീക്ക് പണം നല്‍കുന്ന രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

വീഡിയോയില്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വീട്ടിലെത്തുന്ന എംഎല്‍എ കുടുംബാംഗങ്ങളോട് വിശേഷങ്ങള്‍ അന്വേഷിക്കുകയും എല്ലാം ശരിയാക്കാം എന്ന് ഉറപ്പുനല്‍കുകയും ചെയ്യുന്നുണ്ട്. പരാജയ ഭീതിയില്‍ യുഡിഎഫ് കണക്കില്ലാതെ പണം ഒഴുക്കുകയാണെന്നും ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് നിയമ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പു കമീഷന്‍ തയാറാകണമെന്നും പിണറായി വീഡിയോ പുറത്ത് വിട്ട് ആവശ്യപ്പെടുന്നുണ്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കുന്ന സ്ഥാനാര്‍ഥി അയോഗ്യനാണ്. പണം കൊടുത്ത് വോട്ടു വാങ്ങാനുള്ള കുത്സിത നീക്കങ്ങള്‍ തടയാന്‍ കര്‍ശന നടപടി വേണം. ഇത്തരം തെറ്റായ പ്രവണതകള്‍ ജനങ്ങള്‍ക്കും നിയമത്തിനും മുന്നില്‍ കൊണ്ടുവരാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അതീവ ജാഗ്രത പാലിക്കണമെന്നും പിണറായി അഭ്യര്‍ത്ഥിക്കുന്നു.

Top