മോദി പറഞ്ഞ ക്യാഷ്‌ലെസ് വിപണിയില്‍ സര്‍വ്വിസ് ചാര്‍ജ്ജിന്റെ പേരില്‍ കൊള്ള; ലാഭമുണ്ടാക്കുന്നത് കുത്തക കമ്പനികള്‍

തിരുവനന്തപുരം: എല്ലാവരും ക്യാഷ്‌ലെസ് വിപണിയിലേക്ക് പോകണമെന്നാണ് പ്രധാനമന്ത്രിയും കൂട്ടരും പറയുന്നത്..സംഗതി എളുപ്പമാണെങ്കിലും ജനങ്ങളുടെ പോക്കറ്റ് കാലിയാകുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യന്‍ റയില്‍വേ ഉള്‍പ്പെട സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യകച്ചവടക്കാരും സര്‍വ്വിസ് ചാര്‍ജ്ജിന്റെ പേരില്‍ വന്‍കൊള്ളയാണ് നടത്തുന്നത്.

ഇലക്ട്രോണിക് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം താത്കാലിക ആശ്വാസം മാത്രമായിരിക്കും. ഡിസംബര്‍ കഴിയുന്നതോടെ ചാര്‍ജുകളെല്ലാം തിരികെ വരുമെന്നാണ് അറിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കറന്‍സി ഇടപാടുകള്‍ കഴിവതും കുറച്ച് പകരം നെറ്റ്ബാങ്കിങ്, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, ഇവാലറ്റ് തുടങ്ങിയവ വഴി ഇടപാടുകള്‍ നടത്തണമെന്നാണു കേന്ദ്ര നിര്‍ദ്ദേശം. കറന്‍സി നിരോധനത്തിനു മുമ്പുതന്നെ ഈ രീതി പ്രോല്‍സാഹിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയതാണ്. ഇതിന്റെ ഭാഗമായി കറന്‍സിരഹിത പണമിടപാടുകള്‍ക്ക് ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ മാസങ്ങള്‍ക്കു മുന്‍പേ ബാങ്കുകളോടും റെയില്‍വേ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബിഎസ്എന്‍എല്‍ ഒഴികെ ആരും അനുകൂല നടപടിയെടുത്തിരുന്നില്ല.

ദിവസവും 13 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ ഓണ്‍ലൈനായി വില്‍ക്കുന്ന റെയില്‍വേ അടക്കം വന്‍ കൊള്ളയാണ് സര്‍വീസ് ചാര്‍ജിന്റെ പേരില്‍ നടത്തുന്നത്. ഓണ്‍ലൈനായി ഒരു സാധാരണ സ്ലീപ്പര്‍ ടിക്കറ്റെടുക്കുന്നതിന് ടിക്കറ്റ് നിരക്കിനു പുറമേ 20 രൂപയാണ് സര്‍വീസ് ചാര്‍ജ് നല്‍കേണ്ടത്. ഉയര്‍ന്ന ക്ലാസുകളിലേക്കുള്ള ടിക്കറ്റ് ആണെങ്കില്‍ ഇതു 40 രൂപയാകും. സര്‍വീസ് ചാര്‍ജിന്മേല്‍ സേവന നികുതിയും സെസുകളും ചേര്‍ത്ത് 15 ശതമാനം കേന്ദ്രസര്‍ക്കാരിനും നല്‍കണം.

അപ്പോള്‍ 20 രൂപയും 40 രൂപയും യഥാക്രമം 23, 46 രൂപയാകും. ഇതിനു പുറമേയാണ് ബാങ്ക് ഈടാക്കുന്ന സര്‍വീസ് ചാര്‍ജ്. നെറ്റ്ബാങ്കിങ് വഴിയാണെങ്കില്‍ 10 രൂപയും സേവന നികുതിയും ചേര്‍ത്ത് പതിനൊന്നര രൂപ ബാങ്ക് പിടിക്കും. ഫലത്തില്‍, റെയില്‍വേ കൗണ്ടറില്‍ ചെന്നു ടിക്കറ്റ് വാങ്ങുന്നതിനേക്കാള്‍ 34.50 രൂപ സ്ലീപ്പര്‍ ടിക്കറ്റിനും 57.50 രൂപ ഉയര്‍ന്ന ക്ലാസുകളിലെ ടിക്കറ്റിനും ഓണ്‍ലൈനില്‍ വാങ്ങുമ്പോള്‍ നല്‍കണം. ക്രെഡിറ്റ് കാര്‍ഡ് വഴിയാണെങ്കില്‍ റെയില്‍വേ സര്‍ചാര്‍ജിനു പുറമേ 1.8 ശതമാനവും ഇവോലിറ്റുകളില്‍ 1.3 മുതല്‍ 1.8% വരെയുമാണ് സര്‍വീസ് ചാര്‍ജ്.

സര്‍വീസ് ചാര്‍ജ് വഴി മാത്രം റയില്‍വേയ്ക്കു ലഭിക്കുന്ന പ്രതിമാസ വരുമാനം 76 കോടിയിലേറെ രൂപയാണ്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനുള്ള വെബ്സൈറ്റ് നിലനിര്‍ത്തുന്നതിനുള്ള ചെലവാണ് സര്‍വീസ് ചാര്‍ജ് ഇനത്തില്‍ ഈടാക്കുന്നതെന്നാണു റെയില്‍വേയുടെ ന്യായം. എന്നാല്‍ പകുതിയിലേറെ ടിക്കറ്റ് ബുക്കിങ്ങും ഓണ്‍ലൈനായതോടെ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ജീവനക്കാരെ കുറച്ചിട്ടുണ്ടെന്നതു കണക്കിലെവിടെയുമില്ല.

ഇതേപോലെയാണ് എടിഎം കാര്‍ഡ് വഴിയുള്ള സേവനത്തിനു ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് വാങ്ങുന്നത്. എടിഎം കാര്‍ഡ് സംവിധാനത്തിന് ആവശ്യത്തിനു പ്രചാരമായിക്കഴിഞ്ഞപ്പോള്‍ കാര്‍ഡിനു വാര്‍ഷിക ഫീസ് ഈടാക്കിത്തുടങ്ങി. ഇപ്പോള്‍ മാസം അഞ്ചില്‍ കൂടുതല്‍ തവണ എടിഎം കാര്‍ഡ് വഴി പണം പിന്‍വലിച്ചാല്‍ സര്‍വീസ് ചാര്‍ജും നല്‍കണം. പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ ഡെബിറ്റ് കാര്‍ഡ് വഴി പണം നല്‍കിയാല്‍ ബാങ്കുകള്‍ 10 രൂപ സര്‍വീസ് ചാര്‍ജും രണ്ടര ശതമാനം സര്‍വീസ് ടാക്സും ഈടാക്കാന്‍ തുടങ്ങിയതും ഇരുട്ടടിയായി.

കെഎസ്ഇബിയുടെ വൈദ്യുതി ബില്‍ ഓണ്‍ലൈനില്‍ അടയ്ക്കുമ്പോഴും ചില ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ട്. ഡിസംബര്‍ 31 വരെയാണ് റെയില്‍വേ സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍ ബാങ്കുകളില്‍ ഭൂരിഭാഗവും ഇത് പാലിക്കാന്‍ തയാറായിട്ടില്ല.
ഏറെ വൈകാതെ എല്ലാ മേഖലയിലും ഇത്തരം സര്‍വീസ് ചാര്‍ജുകള്‍ കടന്നുവരാനാണു സാധ്യത. ഒരു വശത്തു കറന്‍സിരഹിത പണമിടപാടു പ്രോല്‍സാഹിപ്പിക്കുകയും പിന്നീട് ഇതിനെല്ലാം സര്‍വീസ് ചാര്‍ജ് ഈടാക്കുകയും ചെയ്യുന്ന രീതിശക്തമായ ജനരോഷത്തിന് ഇടയാക്കുമെന്നകാര്യത്തില്‍ തര്‍ക്കമില്ല.

Top