ശനിയുടെ ഉപഗ്രഹത്തില്‍ ജീവന്റെ തുടിപ്പുകള്‍; ഞെട്ടിത്തരിച്ചു പോയ കണ്ടെത്തലെന്ന് ശാസ്ത്രലോകം

വാഷിങ്ടണ്‍: ശനിയുടെ ഉപഗ്രഹങ്ങളില്‍ ഒന്നില്‍ ജീവന്റെ തുടിപ്പുണ്ടെന്ന കണ്ടെത്തലുമായി ശാസ്ത്രലോകം. എന്‍സൈലദുസ് എന്ന ഉപഗ്രത്തിലാണ് ജീവന്റെ നിലനില്‍പ്പിന് ആവശ്യമായ സാഹചര്യം ഉള്ളതെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. എന്‍സൈലദുസിലെ വിള്ളലുകളില്‍ നിന്നാണു ഗവേഷകര്‍ ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഘടകങ്ങള്‍ അവിടെയുണ്ടെന്നു കണ്ടെത്തിയത്. ഭൂമിയിലേതിനു സമാനമായി ജീവന്‍ നിലനിര്‍ത്താനാവശ്യമായ എല്ലാ ഘടകങ്ങളും എന്‍സൈലദുസിലും ഉണ്ടെന്നതിന്റെ തെളിവുകള്‍ നാസയുടെ പേടകം ‘കാസിനി’യാണു ലോകത്തിനു മുന്നിലെത്തിച്ചത്.

മഞ്ഞുപാളികള്‍ നിറഞ്ഞതാണ് എന്‍സൈലദുസിന്റെ ഉപരിതലം. ഇതിനു താഴെ വിശാലമായ ഒരു സമുദ്രം ഒളിഞ്ഞിരിപ്പുണ്ടെന്നതിന്റെ തെളിവും നേരത്തേ ലഭിച്ചിരുന്നു. സമുദ്രത്തിന്നടിയില്‍ നിന്നു രാസപ്രക്രിയകളിലൂടെ വന്‍തോതില്‍ വാതകങ്ങള്‍ പുറന്തള്ളപ്പെടുന്നുമുണ്ട്. മീഥെയ്ന്‍, ഹൈഡ്രജന്‍ തുടങ്ങിയവയാണ് ഇത്തരത്തില്‍ പുറത്തുവരുന്നത്. മഞ്ഞുപാളികളിലെ വിള്ളലുകളിലൂടെ പുറത്തേക്കു വന്നു കൊണ്ടിരുന്ന ഈ വാതകങ്ങളില്‍ നിന്നാണ് ‘കാസിനി’ സാംപിളുകള്‍ ശേഖരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശനിയെക്കുറിച്ചുള്ള പഠനത്തിനിടെ പല തവണ അതിന്റെ ഉപഗ്രഹങ്ങളിലൂടെയും കാസിനി കടന്നു പോയിരുന്നു. അപ്പോഴെല്ലാം ഇത്തരത്തിലുള്ള വാതക സാംപിളുകളും ഐസുമെല്ലാം ശേഖരിച്ചു വിശകലനം ചെയ്തു. മാസങ്ങളോളം ശേഖരിച്ച ഡേറ്റയാണ് ശനിയിലേക്ക് ഇടിച്ചിറങ്ങി പ്രവര്‍ത്തനം നിലയ്ക്കുന്നതിനു തൊട്ടുമുന്‍പായി കാസിനി ഭൂമിയിലേക്ക് അയച്ചത്. 1997ല്‍ അയച്ച പേടകം 2017ലാണു പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

ഡേറ്റ പഠന വിധേയമാക്കിയ രാജ്യാന്തര വിദഗ്ധ സംഘം എന്‍സൈലദുസിന്റെ ‘ഹൃദയഭാഗത്തു’ തന്നെ കാര്‍ബണ്‍ സമ്പുഷ്ടമായ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നെന്നു കണ്ടെത്തുകയായിരുന്നു. ‘ഞെട്ടിത്തരിച്ചു പോയ കണ്ടെത്തല്‍’ എന്നാണ് ഗവേഷകര്‍ ഇതിനെ വിശേഷിപ്പിച്ചത്. ജീവന്‍ നിലനിര്‍ത്താനാവശ്യമായ അടിസ്ഥാന ജൈവ വസ്തുക്കളാണ് ഇവയെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡോ.ഫ്രാങ്ക് പോസ്റ്റ്‌ബെര്‍ഗ് പറഞ്ഞു.

ഇത്തരം രാസപ്രക്രിയ എന്‍സൈലദുസില്‍ നടക്കുന്നുണ്ടെന്ന് ഇതാദ്യമായാണു വ്യക്തമാകുന്നത്. ഭൂമി കൂടാതെ ഇത്തരത്തില്‍ ജീവന്‍ നിലനിര്‍ത്താനാവശ്യമായ എല്ലാ തെളിവുകളും ചേര്‍ന്ന ഒരൊറ്റ ഗ്രഹം നിലവില്‍ എന്‍സൈലദുസ് മാത്രമാണെന്നും ഗവേഷകര്‍ പറയുന്നു. ജീവന്റെ സാന്നിധ്യം സംബന്ധിച്ച് അടുത്തിടെ ചൊവ്വയില്‍ നിന്നു ലഭിച്ച തെളിവുകളേക്കാള്‍ ഏറെ വ്യക്തമാണു കാസിനി നല്‍കിയിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ‘നേച്ചര്‍’ ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Top