പത്തനംതിട്ട: കേരളത്തിലെ വിപ്ലവകരമായ മാറ്റങ്ങള്‍ വന്നത് കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളിലൂടെയാണെന്നുള്ള പ്രചാരണം വ്യാപകമാണ്. എന്നാല്‍ നവോത്ഥാന പോരാളികള്‍ ഉഴുതുമറിച്ച മണ്ണില്‍ വിത്തിറക്കി വിളവ് കൊയ്യുകയായിരുന്നു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ചെയ്തതെന്ന വിമര്‍ശനവും ഉയരാറുണ്ട്. ജാതി പോലെ വളരെ വെല്ലുവിളി നിറഞ്ഞ പ്രശ്‌നങ്ങളില്‍ കമ്മ്യൂണിസ്റ്റുകള്‍ കാര്യമായ മാറ്റത്തിനൊന്നും ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം.
ദലിതരെ സുവര്‍ണ സിംഹാസനത്തില്‍ എഴുന്നള്ളിക്കുന്നുവെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പുറമേ പറയുന്നത്. എന്നാല്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സവര്‍ണ്ണ നേതാക്കളുടെ മനസില്‍ ഇപ്പോഴും ജാതിവിവേചനം നിലനില്‍ക്കുന്നുവെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്. അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനെ ജാതീയമായി അധിക്ഷേപിച്ചു കൊണ്ടുള്ള സിപിഐ ജില്ലാ അസി. സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തായിരിക്കുന്നത്.
”ആ പന്നപ്പുലയനെ കണ്ടാല്‍ നമ്മള്‍ വെള്ളം കുടിക്കില്ലെന്ന്” പറയുന്ന അസി. സെക്രട്ടറി മനോജ് ചരളേല്‍ ചിറ്റയം ഗോപകുമാര്‍ ഉള്ള അടൂരിലേക്ക് വരുന്നതില്‍ തനിക്ക് തീരെ താല്‍പര്യമില്ലെന്നും പറയുന്നു. കഴിഞ്ഞ ജനുവരിയില്‍ പ്രതിശ്രുത വധുവുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. സിപിഐയുടെ സമുന്നത നേതാവും മുന്മുഖ്യമന്ത്രിയായ പികെ വാസുദേവന്‍നായരുടെ അനന്തരവളുടെ മകന്‍ കൂടിയാണ് മനോജ് എന്ന് പറയുമ്പോഴാണ് അധിക്ഷേപത്തിന്റെ ഗൗരവം വര്‍ധിക്കുന്നത്. മധ്യവയസ് പിന്നിട്ട മനോജ് അവിവാഹിതനാണ്.
മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശേരിയുടെ സഹോദരിയുമായി ജനുവരി 18 ന് മനോജിന്റെ വിവാഹം നടത്താന്‍ ഉറപ്പിച്ചിരുന്നു. ഇവരുടേത് രണ്ടാം വിവാഹമായിരുന്നു. പിന്നീട് ഇവര്‍ ഈ വിവാഹത്തില്‍ നിന്ന് പിന്മാറി. വിവാഹം മുടങ്ങുന്നതിന് മുന്‍പ് ഇരുവരും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം ഇന്നലെ രാവിലെ അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെയാണ് പുറത്തു വന്നത്. അഡ്വ. ബിജേന്ദ്ര ലാല്‍ എന്നയാളാണ് ഈ സംഭാഷണം വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഗ്രൂപ്പ് അഡ്മിനും മഹാത്മാ ചെയര്‍മാനുമായ രാജേഷ് തിരുവല്ല, ബിജേന്ദ്രലാലിനെതിരേ നടപടി ആവശ്യപ്പെട്ട് അടൂര്‍ ഡിവൈ.എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതിശ്രുത വധുവുമായി നടത്തിയ സംഭാഷണത്തിന്റെ ഒടുവിലാണ് വിവാദ പരാമര്‍ശം ഉള്ളത്. ജനുവരി മൂന്നിന് നടന്ന സംഭാഷണമാണിത്. അന്നാണ് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവം അടൂരില്‍ തുടങ്ങിയത്. ഇതിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന റാലിക്കൊന്നും പോയില്ലേ എന്ന് പ്രതിശ്രുത വധു ചോദിക്കുന്നിടത്ത് നിന്നാണ് വിവാദ പരാമര്‍ശത്തിന്റെ തുടക്കം. അടൂരില്‍ നടക്കുന്നതിന് നമുക്കെന്നാ കാര്യമെന്ന് മനോജ് ചോദിക്കുന്നു. തുടര്‍ന്നുള്ള സംഭാഷണം ഇങ്ങനെ:
വധു: സ്‌കൂള്‍ ഒക്കെയുള്ളതല്ലേ?
മനോജ്: സ്‌കൂള്‍ ഉണ്ടെന്ന്പറഞ്ഞ്, ഇവിടെങ്ങാനും നടക്കുകാണേല്‍ നമ്മള്‍ അതിന്റെ സംഘാടകരാണെങ്കിലേ റാലിക്കൊക്കെ പോകൂ..
വധു: എംഎല്‍എയായിരുന്നു ചെയര്‍മാന്‍, ആന്റോ ആന്റണിയായിരുന്നു ഉദ്ഘാടനം.
മനോജ്: ഒന്നാമതേ പിന്നെ എനിക്കങ്ങോട്ട് അടൂരിലേക്ക് വരണമെന്ന് പോലും താല്‍പര്യമില്ല.
വധു: ആന്റോ ആന്റണിയാ ഉദ്ഘാടനം. എംഎല്‍എയാ ചെയര്‍മാനും അധ്യക്ഷനും.
മനോജ്: പന്നപ്പെലേനെ കണ്ടാല്‍ അന്ന് വെള്ളം കുടിക്കില്ല. അതു കാരണം എനിക്കങ്ങോട്ട് വരണമെന്നേയില്ല.
വധു: ജാതിയൊന്നും ഒരിക്കലും പറയരുത്. ഇത്രേം പുരോഗമന പരമായി ചിന്തിക്കുന്ന ഒരാള് ഒരിക്കലും ജാതി പറയരുത്.
മനോജ്: വ്യാഴാഴ്ച അവനവിടെ ഉണ്ടെങ്കില്‍ ഇതു കഴിയാതെ ഞാനവിടെ വരത്തുമില്ല.
വധു: ഏത് കഴിയാതെ.
മനോജ്: ഇവനവിടെങ്ങാനും ഉണ്ടെങ്കില്‍ ഞാന്‍ യൂത്ത്‌ഫെസ്റ്റിവല്‍ കഴിഞ്ഞേ ഇനിയങ്ങോട്ടു വരൂള്ളൂ.
കൊറ്റനാട് എസ്സിവിഎച്ച്എസ്എസ് മാനേജരാണ് മനോജ് ചരളേല്‍. കഴിഞ്ഞ ടേമില്‍ കുറച്ചു നാള്‍ കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് ആനിക്കാട് ഡിവിഷനില്‍ നിന്ന് മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. കൂടംകുളം സമരത്തിന് വേണ്ടി രൂപീകരിച്ച കര്‍മസമിതിയുടെ കണ്‍വീനറായിരുന്നു. അതേസമയം, അധിക്ഷേപം ശ്രദ്ധയില്‍പ്പെട്ടെന്നും പാര്‍ട്ടി അന്വേഷിച്ച് നടപടി എടുക്കട്ടേയെന്നുമാണ് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ പക്ഷം.