കണ്ണൂര്‍: സി.പി.എം നേത്യത്വത്തിലുള്ള ക്ഷേത്രകമ്മറ്റി അയിത്തം കല്‍പ്പിക്കുന്നെന്ന് പരാതി. അഴീക്കല്‍ പാമ്പാടിയാലിന്‍കീഴില്‍ ക്ഷേത്രത്തിലെ തിരുവായുധമെഴുന്നളളത്തുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ദലിത് ഭവനങ്ങളിലേയ്ക്ക് എഴുന്നെള്ളത്ത് പോകില്ലെന്ന ഉറച്ച തീരുമാനം സി.പി.എം നേതൃത്വത്തിലുളള ക്ഷേത്ര കമ്മറ്റിയുടെ ഭാരവാഹികള്‍ കൈക്കൊണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനെതിരെ സി.കെ. ജാനു നേതൃത്വം കൊടുക്കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ രംഗത്തെത്തി. ജാതി വിവേചനത്തിനെതിരെയുളള ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് ജനാധിപത്യ രാഷ്ട്രീയ സഭയുടെ നിലപാട്.
അഴീക്കല്‍ പാമ്പാടിയാലിന്‍കീഴില്‍ ക്ഷേത്രത്തിലെ തിരുവായുധമെഴുന്നളളത്ത് നൂറ്റിരണ്ട് വര്‍ഷം മുമ്പുളള നിശ്ചയരേഖയില്‍ പ്രതിപാദിക്കുന്ന ആചാരമാണെന്നും ഇതുപ്രകാരം ദളിതരുടെ വീടുകള്‍ സന്ദര്‍ശിക്കേണ്ടതില്ലെന്നാണ് തങ്ങളുടെ തീരുമാനമെന്നും ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.
അതേസമയം സി.പി.എം നേതൃത്വത്തിലുളള ക്ഷേത്രകമ്മറ്റി നടപ്പാക്കുന്ന നഗ്നമായ ജാതിവിവേചനത്തിനെതിരെയുളള സമരം ശക്തമായി മുമ്പോട്ടുകൊണ്ടുപോകുമെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ക്ഷേത്ര കമ്മിറ്റിയുടെ അയിത്താചരണത്തിനെതിരെ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് വളപട്ടണം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സി.പി.എം ഇടപെടലിലൂടെ ഈ കേസ് മരവിപ്പിച്ചിരിക്കുകയാണെന്നും ജെ.ആര്‍.എസ് ആരോപിച്ചു.