സ്വന്തം ലേഖകൻ
പാലക്കാട്: കാലം എത്ര പുരോഗമിച്ചിട്ടും സാക്ഷര കേരളത്തിൽ പല രീതിയിലും ജാതിവിവേചനം തുടരുന്നുണ്ട്. ജാതി വിവേചനത്തെ തുടർന്നും മാനസിക പീഡനത്തെ തുടർന്ന് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് വിദ്യാർ്ത്ഥികൾ.
പഠിക്കാൻ ആഗ്രമുണ്ടായിട്ടും പഠനം പാതിവഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ് നെല്ലിയാമ്പതിയിലെ ചെറുനെല്ലി ആദിവാസി കോളനിയിലെ കുട്ടികൾ. പഠിക്കാൻ ആഗ്രമുണ്ട്. പക്ഷേ മണ്ണ് വാരിയിടും. അതുകൊണ്ടാണ് പഠിക്കാൻ പോവാത്തതെന്നും കുട്ടികൾ പറയുന്നു.
കാടിന്റെ നടുവിൽ നിന്ന് പഠിക്കുവാൻ കിലോമീറ്ററുകൾ നടന്നു താണ്ടി സ്‌കൂളിലെത്തിയ പെൺകുട്ടിയാണ്.
എന്നാൽ അവിടെ കാത്തിരുന്നത് ജാതി വിവേചനം തുടങ്ങിയ വേർതിരിവ്. കൂടെ കളിക്കാൻ കൂട്ടാത്ത സഹപാഠികൾ. ചോറിൽ മണ്ണുവാരിയിടുന്നവർ.
എല്ലാം സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ ആരോടും പറയാതെ രണ്ട് വർഷം മുൻപ് പെൺകുട്ടി സ്‌കൂൾ പഠനം അവസാനിപ്പിച്ചു. സാറമ്മാര് തെറ്റ് ചെയ്യുന്നവരാണ്. ദേഹത്ത് കൈ വയ്ക്കും. ബാഗ് വലിച്ചെറിയും മറ്റൊരു പെൺകുട്ടി പറഞ്ഞു.
സ്‌കൂളിൽ നിന്നും ലഭിച്ച മാനസികാഘാതത്തിൽ നിന്ന് ഇവർ ഇനിയും മോചിതരാവാത്തതിനാലാവണം പഠിച്ച വിദ്യാലയത്തിന്റെ പേരുപോലും ഓർത്തെടുക്കാനാവുന്നില്ല. അമ്മമാർക്കും ചിലതൊക്കെ അറിയാം .എന്നാൽ ആരോട് പരാതിപ്പെടണമെന്നറിയില്ല.
കുളിക്കുന്നതൊക്കെ നോക്കി നടക്കും സാറമ്മാര്, കുളിമുറിയിൽ കേറി നോക്കും. അതൊക്കെ കൊണ്ട് നാണംകെട്ടാണ് അവർ പഠിക്കാൻ പോകാത്തത്കുട്ടികളിലൊരാളുടെ അമ്മ പറഞ്ഞു.
എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ച് സ്‌കൂൾ അധികൃതരും രംഗത്തെത്തി. നല്ല രീതിയിൽ മാത്രമാണ് ആദിവാസി കുട്ടികളെ പരിപാലിക്കാറുളളത്. വീടുവിട്ടുനിൽക്കാൻ പറ്റാത്തതിനാലാവാം ഇത്തരം പരാതികൾ പറയുന്നതെന്നും അധ്യാപകർ പറയുന്നു.