വീട്ടില്‍ പൂച്ചകളെയും പട്ടികളെയുമൊക്കെ ഓമനിച്ച് വളര്‍ത്തുന്നവരുടെ ശ്രദ്ധയ്ക്ക്, ഒരു പൂച്ച കാരണം കാനഡ സ്വദേശിയായ യുവതിക്ക് നഷ്ടമായത് സ്വന്തം മാറിടമാണ്. കാനഡയിലെ ഒട്ടാവയിലായിരുന്നു സംഭവം. നാല്‍പ്പത്തെട്ടുകാരിയായ തെരേസ ഫെറിസ് ഒരു ആനിമല്‍ ഷെല്‍റ്ററില്‍ ജോലിക്കാരിയായിരുന്നു.ജോലിക്കിടയിലായിരുന്നു അപ്രതീക്ഷിതമായി പൂച്ചയുടെ നഖം കൊണ്ട് തെരേസയുടെ മാറിടത്തില്‍ പോറലേറ്റത്.
അപ്പോള്‍ അതത്ര കാര്യമാക്കിയില്ല. എന്നാല്‍ പിന്നീട് ഇത് ഗുരുതര ആരോഗ്യ പ്രശ്‌നമായി മാറുകയായിരുന്നു. പൂച്ചയുടെ നഖം കൊണ്ട് പരുക്കേറ്റതിന്റെ അടുത്ത ദിവസം വലതു മാറിടത്തില്‍ ചെറിയ മുഴ പ്രത്യക്ഷപ്പെട്ടു. വൈകാതെ അതിയായ വേദനയും ആരംഭിച്ചു. ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് കടുത്ത പനിയും ഛര്‍ദ്ദിയും ആരംഭിച്ചു.
തുടര്‍ന്ന് മാറിടത്തിലെ ഒരു ഭാഗം അടര്‍ന്ന് വീഴുന്ന അവസ്ഥയിലായി, ഇവിടുത്തെ കോശങ്ങള്‍ക്ക് ജീവനില്ലാതാകുകയും ചെയ്തു. മാരകമായ അണുബാധയായിരുന്നു ഇതിന് കാരണം. ഫൈഡെര്‍മ ഗാന്‍ഗ്രെനോസം എന്ന രോഗാവസ്ഥയായിരുന്നു ഇത്.
മരിച്ചയാളുടെ ശരീരത്തില്‍ നിന്നും കോശം എടുത്താണ് തെരേസയുടെ ശരീരത്തില്‍ വെച്ച് പിടിപ്പിച്ചത്. വലത് മാറിടം പൂര്‍ണമായും അവര്‍ക്ക് നഷ്ടമായിരുന്നു. ഒരു ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന രോഗാവസ്ഥയായിരുന്നു തെരേസയ്ക്ക് ഉണ്ടായത്.
ശസ്ത്രക്രിയയെ തുടര്‍ന്ന് വിഷാദരോഗത്തിന് അടിമയായ തെരേസയെ പങ്കാളി ബ്രയിനാണ് സാധാരണ ജീവിതത്തിലേക്ക് തിരികെ വരാന്‍ സഹായിച്ചത്. ഇപ്പോള്‍ തന്റെ രൂപമാറ്റത്തെ കുറിച്ച് താന്‍ പൂര്‍ണബോധവതിയാണെന്ന് തെരേസ പറയുന്നു. നല്ല ഒരു ചര്‍മരോഗവിദഗ്ദനെ കാണാന്‍ സാധിച്ചതിനാലാണ് തനിക്ക് ജിവിതം തിരിച്ച് ലഭിച്ചതെന്നും ഇനിയാര്‍ക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്നും തെരേസ പറയുന്നു.