കോഴിക്കോട്: മലയാള മനോമരയ്‌ക്കെതിരായ പ്രതിഷേധം ശക്തമാക്കാന്‍ വിവിധ രൂപതകളുടെ തീരുമാനം. അന്ത്യത്താഴ ചിത്രത്തെ വികലമാക്കിയ മനോരമയ്‌ക്കെതിരെ കഴിഞ്ഞ ഒരാഴ്ച്ചയായി ശക്തമായ പ്രതിഷേധങ്ങളാണ് നടന്നുകൊണ്ടികരിക്കുന്നത്. ഇതിനിടയില്‍ മനോരമ മാപ്പുപറഞ്ഞും അരുജ്ഞന ചര്‍ച്ചകള്‍ വഴിയും പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും വിട്ടുവീഴ്ച്ച വേണ്ടെന്ന നിലപാടാണ് വിശ്വാസികള്‍ സ്വീകരിച്ചിരിക്കുന്നത്.
മനോരമാ പ്രസീദ്ധീകരണമായ ‘ഭാഷാപോഷിണി’ മാസികയിലെ അന്ത്യത്താഴ ചിത്ര വിവാദത്തില്‍ ആ ലക്കം പിന്‍വലിച്ചിട്ടും മാപ്പുപറഞ്ഞിട്ടും കരഞ്ഞിട്ടുമൊന്നും സഭയുടെ വിശ്വാസികളുടെയും കലിപ്പ് തീരുന്നില്ല. മനോരമ ബഹിഷ്‌ക്കരിക്കാനുള്ള ശക്തമായ നീക്കവുമായി മുന്നോട്ടുപോകുയാണ് വിശ്വാസികള്‍.
കോഴിക്കോട് രൂപത മെത്രാനും ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സി.സിബിഐ) സെക്രട്ടറി ജനറലും കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ സെക്രട്ടറി ജനറലുമായ ബിഷപ് വര്‍ഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തില്‍ രൂപതയില്‍ മൂന്നു ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 250ലധികം വൈദികര്‍ രൂപത റിന്യൂവല്‍ സെന്ററില്‍ പ്രത്യേക യോഗം ചേര്‍ന്നാണ് ഇന്നലെ പ്രതിഷേധിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ കോടിക്കണക്കിന് വിശ്വാസികള്‍ ദൈവപുത്രനായി ആരാധിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചതില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു.
ക്രൈസ്തവര്‍ പാവനമായി സംരക്ഷിക്കുന്ന ഏഴു കൂദാശകളില്‍ രണ്ടെണ്ണമാണ് പരിശുദ്ധ കുര്‍ബാനയും പൗരോഹിത്യവും. കൂദാശകള്‍ സ്ഥാപിതമായത് അന്ത്യ അത്താഴവേളയിലാണ്. രണ്ടായിരം വര്‍ഷങ്ങളായിട്ട് വിശ്വസിച്ചുപോരുന്ന വിശ്വാസസത്യങ്ങളെയും മതചിഹ്നങ്ങളെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ തമസ്‌കരിക്കുക വഴി വിശ്വാസികളെ വേദനിപ്പിക്കുകയും ക്രൈസ്തവസഭയെ പരസ്യമായി അവഹേളിക്കുകയും ചെയ്തിരിക്കുകയാണ്. ജനാധിപത്യത്തിന്റെ മൂലക്കല്ലായ പത്രമാധ്യമങ്ങളുടെ ധര്‍മം മൂല്യങ്ങള്‍ സംരക്ഷിക്കുകയും വിവിധ സംസ്‌കാരങ്ങളെ ഊട്ടിയുറപ്പിക്കുകയും സ്നേഹസംസ്‌കാരം പടുത്തുയര്‍ത്തുകയുമാണ്.
മനോരമ മഞ്ഞപ്പത്രത്തിന്റെ തലത്തിലേക്ക് അധ:പതിച്ചതായി ബിഷപ്പും വൈദികരും അടങ്ങുന്നയോഗം വിലയിരുത്തി. സമാധാനത്തിന്റെ വക്താക്കളായ ക്രൈസ്തവരെ അപമാനിക്കുന്ന തരത്തില്‍ എന്തും പറയാമെന്ന മാദ്ധ്യമങ്ങളുടെ ചിന്തകളെ ഒറ്റക്കെട്ടായി നേരിടണമെന്നും മേലില്‍ ഈ വിധത്തിലുള്ള പൈശാചിക വാര്‍ത്തകള്‍ നല്‍കി വിശ്വാസികളെ വേദനിപ്പിക്കരുതെന്നും പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു. കോഴിക്കോട് ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറല്‍ മോണ്‍. ഡോ. തോമസ് പനക്കല്‍, വൈദിക സെനറ്റ് സെക്രട്ടറി ഫാ. വി സി. ആല്‍ഫ്രെഡ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജിജു പള്ളിപ്പറമ്പില്‍, സെന്റ്സേവിയേഴ്സ് കോളജ് മാനേജര്‍ വിന്‍സെന്റ് അറക്കല്‍, മാഹി പള്ളി വികാരി ഡോ ജെറോം ചിങ്ങത്തറ എന്നിവര്‍ സംസാരിച്ചു.
നേരത്തെ മനോരമ മാനേജ്മെന്റ് ശക്തമായി ഇടപെടുകയും മതമേലധ്യക്ഷന്മാരെയൊക്കെ കണ്ട് സംസാരിക്കയും ചെയ്തതോടെ പ്രശ്നം ഏതാണ്ട് ഒത്തുതീര്‍ന്ന പ്രതീതിയാണ് ഉണ്ടായത്. അതിനിടെ ഭാഷാപോഷിണി എഡിറ്റര്‍ കെ.സി നാരയാണന്‍ നിരുപാധികം മാപ്പ് കേണപേക്ഷിക്കുന്ന ദൃശ്യങ്ങളും വാട്സാപ്പില്‍ പ്രചരിച്ചു. എന്നാല്‍ ഇതുകൊണ്ടൊന്നും പ്രശ്നം തീരില്ലെന്ന സൂചനയാണ് വൈദികരും വിശ്വാസികളും നല്‍കുന്നത്. കോഴിക്കോട്ടെ മലയോര മേഖലയായ താമരശ്ശേരിയിലെയും കോടഞ്ചേരിയിലെയും പല കൃസ്ത്യന്‍ ദേവാലയങ്ങളിലും മനോരമ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനമുണ്ടായി. സമാനമായ അവസ്ഥയാണ് ഇടുക്കിയിലും കോട്ടയത്തുമൊക്കെയുള്ളത്. പരസ്യബഹിഷ്‌ക്കരണം അടക്കമുള്ള കടുത്ത നടപടി വരും ദിവസങ്ങളില്‍ തീരുമാനിക്കുമെന്നാണ് അറിയുന്നത്. മനോരമ ഓഫീസുകളിലാവട്ടെ ഫോണിലൂടെയും വരുന്ന ഭീഷണികള്‍ക്കും തെറിവിളികള്‍ക്കും കുറവില്ല.
തിരുവത്താഴ ചിത്രം വിവാദത്തെ തുടര്‍ന്ന് ഭൂരിഭാഗം ചര്‍ച്ചുകളും കോണ്‍വെന്റുകളും പത്രം ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്. മധ്യകേരളത്തിലും സ്ഥിതി മനോരമയ്ക്ക് അനുകൂലമല്ല. മനോരമബഹിഷ്‌ക്കരണം ഇങ്ങനെ തുടര്‍ന്നാല്‍ പ്രതിസന്ധീ മുര്‍ച്ഛിക്കുമെന്ന് തന്നെയാണ് മനോരയുടെ ആശങ്കയും.