മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിന് പ്രധാനമന്തി ഉറപ്പ് നൽകിയില്ല .ക്രിയാത്മക സമീപനമെന്നു കർദിനാൾ ഗ്രേഷ്യസ്

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ മത വിഭാഗത്തിന്റെ തലവൻ  ഫ്രാൻസിസ്സ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനായുള്ള മുഴുവൻ കത്തോലിക്കാ സമൂഹത്തിന്‍റെയും അഭിലാഷത്തോട് കേന്ദ്രസർക്കാരിന് ക്രിയാത്മക സമീപനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതായി സിബിസിഐ പ്രസിഡന്‍റ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്. എന്നാൽ, ഇക്കാര്യത്തിൽ മോദി എന്തെങ്കിലും ഉറപ്പു നൽകിയില്ല.

മാർപാപ്പയ്ക്കും രാഷ‌്ട്രപതിയും, പ്രധാനമന്ത്രിയും അടക്കമുള്ള ഇന്ത്യയിലെ നേതൃത്വത്തിനും യോജിച്ച തീയതികൾ കണ്ടെത്തുന്നതാണു പ്രയാസമെന്നാണ് മോദി പറഞ്ഞത്. ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം രാജ്യത്തിന് ദീർഘകാലത്തേക്ക് വലിയതോതിൽ ഗുണപ്രദമാകുമെന്ന് പ്രധാനമന്ത്രിയോട് ചൂണ്ടിക്കാട്ടി. ഇന്ത്യയിലും ലോകമെങ്ങും എല്ലാ വിശ്വാസങ്ങളിൽ പെട്ടവരും വളരെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് ഫ്രാൻസിസ് മാർപാപ്പയെന്നും കർദിനാൾ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം യാഥാർഥ്യമാക്കണം എന്നതടക്കമുള്ള കാര്യങ്ങൾ വിശദീകരിച്ച് കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രിക്ക് കത്തു നൽകിയതായും കർദിനാൾ ഗ്രേഷ്യസ് അറിയിച്ചു. പ്രധാനമന്ത്രിയുമായി ഇന്നലെ നടത്തിയ ചർച്ച രാജ്യത്തിനും ക്രൈസ്തവർക്കാകെയും ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

വളരെ സൗഹാർദപരവും തുറന്ന മനസോടെയുമായിരുന്നു ചർച്ച. രാജ്യത്തെ കത്തോലിക്കാ സമുദായവും കേന്ദ്രസർക്കാരും തമ്മിൽ പാലം സൃഷ്ടിക്കുന്നതിന് സഹായകമാകുമെന്നു വിശ്വസിക്കുന്നു. എന്തു കാര്യങ്ങൾക്കും എപ്പോഴും തന്നെ സമീപിക്കാവുന്നതാണെന്ന് പ്രധാനമന്ത്രി അറിയിച്ചതായും സിബിസിഐ പ്രസിഡന്‍റ് പറഞ്ഞു.cbci-president

രാജ്യത്തെ ക്രൈസ്തവ വിഭാഗങ്ങൾക്ക് എന്തു പ്രശ്നമുണ്ടെങ്കിലും പരിഹാരം കണ്ടെത്തുന്നതിൽ താൻ പ്രതിജ്ഞാബദ്ധനാണെന്നു മോദി പറഞ്ഞു. എല്ലാ ഇന്ത്യക്കാരുടെയും പ്രധാനമന്ത്രിയാണ്. ജാതിക്കും മതത്തിനും അതീതമായാണു പ്രവർത്തിക്കുന്നത്. ജനങ്ങളുടെ ക്ഷേമവും ദാരിദ്യ്ര നിർമാർജനവുമാണ് തന്‍റെ ലക്ഷ്യമെന്നും മോദി പറഞ്ഞതായി കർദിനാൾ അറിയിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ന്യൂനപക്ഷങ്ങളുടെ ഭയാശങ്കകൾ മാറ്റാനും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും പ്രധാനമന്ത്രി ശക്തമായ സന്ദേശം നൽകണമെന്ന് കർദിനാൾ ആവശ്യപ്പെട്ടു.

പാർലമെന്‍റ് മന്ദിരത്തിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഇന്നലെ രാവിലെ 11.30 മുതൽ ഇരുവരും മാത്രം അര മണിക്കൂറോളം ചർച്ച നടത്തി. സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മോണ്‍. ജോസഫ് ചിന്നയ്യനും കർദിനാളിനെ അനുഗമിച്ചിരുന്നു. രാഷ‌്ട്രനിർമാണത്തിൽ സഭ നടത്തിവരുന്ന സേവനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ സേവനം തുടങ്ങിയ മേഖലകളിൽ കത്തോലിക്കാ സമുദായം തങ്ങളുടെ അംഗസഖ്യ അനുസരിച്ചുള്ള തിനേക്കാൾ വലിയ സേവനം നടത്തുന്നതു തുടരണമെന്ന് മോദി ആവശ്യപ്പെട്ടു.

സിബിസിഐ പ്രസിഡന്‍റായി രണ്ടാം തവണയും ചുമതലയേറ്റ കർദിനാൾ ഓസ്വാൾഡ് ഇന്ന് രാജ്യത്തെ ക്രൈസ്തവ എംപിമാരുമായി കൂടിക്കാഴ്ച നടത്തും. എംപിമാർക്ക് അത്താഴവിരുന്നും നൽകും. ഫ്രാൻസിസ് മാർപാപ്പയുടെ ഉപദേശകസംഘത്തിലെ ഒന്പത് കർദിനാൾമാരിൽ ഒരാളും മുംബൈ ആർച്ച്ബിഷപ്പുമായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, സിബിസിഐയുടെയും ഏഷ്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ ഫെഡറേഷന്‍റെയും (എഫ്എബിസി), ഇന്ത്യയിലെ ലത്തീൻ മെത്രാന്മാരുടെ കൗണ്‍സിലിന്‍റെയും (സിസിബിഐ) പ്രസിഡന്‍റുമാണ്

Top