കൊച്ചി: ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയത് നിയമവിരുദ്ധമായിട്ടാണെന്ന് സിബിഐ. സാക്ഷിമൊഴികളും തെളിവുകളും വിചാരണ നടത്തിയ സിബിഐ കോടതി പരിഗണിച്ചില്ലെന്നും ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രതികളുടെ വാദങ്ങള്‍ അതേപടി അംഗീകരിച്ച് ഉത്തരവിറക്കുകയാണ് കേസില്‍ ഉണ്ടായത്. കേസില്‍ മുന്‍ വൈദ്യുത മന്ത്രിയായ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്ത് സിബിഐ നല്കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജനാണ് സിബിഐക്ക് വേണ്ടി ഹാജരായത്.
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കേ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാര്‍ മൂലം വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും നഷ്ടം വന്നെന്നായിരുന്നു കേസ്. പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ സിബിഐ കോടതി 2013 നവംബര്‍ അഞ്ചിനാണ് കുറ്റവിമുക്തരാക്കിയത്.
വിചാരണക്കോടതിയുടെ വിധി നിയമവിരുദ്ധമാണെന്ന വാദമാണ് സിബിഐ റിവിഷന്‍ ഹര്‍ജിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. പ്രോസിക്യൂഷന്റെ വാദങ്ങള്‍ പരിഗണിക്കാതെ പ്രതികളുടെ വാദങ്ങള്‍ കോടതി അതേപടി അംഗീകരിക്കുകയായിരുന്നുവെന്നും സിബിഐ പറയുന്നു.
നേരത്തെ കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് സര്‍ക്കാരും ക്രൈം എഡിറ്റര്‍ നന്ദകുമാറും നല്‍കിയ ഉപഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. പുനഃപരിശോധാ ഹര്‍ജി സമര്‍പ്പിക്കാന്‍ സിബിഐയ്ക്ക് മാത്രമെ അധികാരമുള്ളൂവെന്നും കക്ഷിചേരാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.