കൊച്ചി: നീണ്ട ഇടവേളയ്ക്കുശേഷം പിണറായി വിജയനെ പ്രതികൂട്ടിലാക്കി ലാവ്‌ലിന്‍ കേസ് കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്നു. ലാവലിന്റെ പേരില്‍ ഏറെ മാധ്യമ വിചാരണ നേരിട്ട പിണറായി വിജയന്‍ ഇന്ന് കേരള മുഖ്യമന്ത്രിയാണ്. സിപിഎം ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ പിണറായിക്കെതിരെ ഏറെ ആയുധമായതും ലാവ്‌ലിന്‍ കേസായിരുന്നു. ലാവലിന്‍ അഴിമതി കേസില്‍ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ സിബി ഐ നല്‍കിയ ഹര്‍ജി ഹൈക്കോടതിയിലെത്തിയതോടെയാണ് വീണ്ടും ലാവ്‌ലിന്‍ വിവാദങ്ങള്‍ പിണറായിയെ വേട്ടയാടുന്നത്. കേസില്‍ പ്രതികൂല പരാമര്‍ശങ്ങള്‍ ഹൈക്കോടതിയിലുണ്ടായാല്‍ പിണറായി വിജയന് മുഖ്യമന്ത്രി കസേര വിട്ടൊഴിയേണ്ടിവരും. അതിനാല്‍ സിപിഎമ്മിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഗതിവിഗതികളും നിര്‍ണ്ണയിക്കുന്നതായിരിക്കും കോടതി വിധി.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലാവ്‌ലിന്‍ കേസില്‍ കുറ്റങ്ങള്‍ നിരത്തി സിബിഐ ഹൈക്കോടതിയിലെത്തിയിരിക്കുന്നത്. എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി നടത്തിയ ഇടപാടിന്റെ വിവരങ്ങള്‍ അന്ന് വൈദ്യൂതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്ന് മറച്ചുവെച്ചുവെന്നും ലാവ്‌ലിന് കരാര്‍ നല്‍കാന്‍ പിണറായി അമിത താല്‍പര്യം കാണിച്ചുവെന്നും സിബിഐ വാദിച്ചു.
നേരത്തെ പിണറായി അടക്കമുള്ള ഒന്‍പത് പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയി പരിഗണിക്കുകയായിരുന്നു കോടതി.
കരാറിനെതിരെ വൈദ്യൂതി ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നു. ഈ എതിര്‍പ്പുകള്‍ സ്വാധീനം ഉപയോഗിച്ച് ഇല്ലാതാക്കി. നിയമപരമായി നിലനില്‍ക്കാത്ത കരാറാണ് ലാവ്‌ലിനുമായി ഉണ്ടാക്കിയത്. കമ്പനി പ്രതിനിധികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയെന്നും സിബിഐ കോടതിയില്‍ അവതരിപ്പിച്ചു.
ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വിനോദ് റായി അടക്കമുള്ളവര്‍ കേസില്‍ സാക്ഷികളായിട്ടുണ്ട്. പിണറായിക്കും മറ്റ് പ്രതികള്‍ക്കും എതിരെയുള്ള കുറ്റങ്ങളും തെളിവുകളും സാക്ഷിപട്ടികയും കോടതിയില്‍ സിബിഐ സമര്‍പ്പിച്ചു.പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ നടന്ന ഇടപാടിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാര്‍ മൂലം വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും നഷ്ടം വന്നെന്നായിരുന്നു കേസ്.സിബിഐ അന്വേഷണം നടത്തുകയും 2013 നവംബറില്‍ പിണറായി വിജയനുള്‍പ്പെടെയുളളവരെ സിബിഐ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു.
നേരത്തെ കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് സര്‍ക്കാരും ക്രൈം എഡിറ്റര്‍ നന്ദകുമാറും നല്‍കിയ ഉപഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. പുനഃപരിശോധാ ഹര്‍ജി സമര്‍പ്പിക്കാന്‍ സിബിഐയ്ക്ക് മാത്രമെ അധികാരമുള്ളൂവെന്നും കക്ഷിചേരാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം