ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ കുടുക്കിയാല്‍ തന്നെ വെറുതേവിടാമെന്ന് സിബിഐ ഉറപ്പു നല്കിയതായി കേജ്രിവാളിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. സ്വയം വിരമിക്കലിനായി ചീഫ് സെക്രട്ടറിക്കു നല്കിയ അപേക്ഷയിലാണ് രാജേന്ദ്രകുമാര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. കോര്‍പറേറ്റ് വിഭാഗം മന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന ബി.കെ. ബന്‍സാലിന്റെയും കുടുംബത്തിന്റെയും ആത്മഹത്യക്കു പിന്നിലും സിബിഐ ആണെന്ന് രാജേന്ദ്രകുമാര്‍ ആരോപിക്കുന്നു.
ഡല്‍ഹി മുഖ്യമന്ത്രിയുടേയും ഉദ്യോഗസ്ഥരുടേയും ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ നടത്തിയ അറസ്റ്റും പിന്നീടുണ്ടായ പീഡനങ്ങളും മനസ് മടുപ്പിച്ചെന്നാണ് രാജേന്ദ്ര കുമാര്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നത്. 2015 ഡിസംബറിലാണ് രാജേന്ദ്ര കുമാറിന്റെ ഓഫീസ് സിബിഐ റെയ്ഡ് ചെയ്തത്. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. തന്റെ രാഷ്ട്രീയ നിഷ്പക്ഷത മൂലക്ക് കനത്ത വിലയാണ് നല്‍കേണ്ടിവന്നതെന്നും കത്തില്‍ അദ്ദേഹം പറയുന്നുണ്ട്.
ചോദ്യം ചെയ്യലിന് ഇടയില്‍ സിബിഐ ഉദ്യോഗസ്ഥര്‍ അടിക്കടി ആവശ്യപ്പെട്ടതും പറഞ്ഞതും കെജ്രിവാളിനെ കുടുക്കിയാല്‍ വെറുതെ വിടാം എന്നാണ്. താനടക്കം ഡസന്‍ കണക്കിനാളുകളെ മര്‍ദ്ദിച്ചും സമ്മര്‍ദ്ദം ചെലുത്തിയും ഡല്‍ഹി മുഖ്യമന്ത്രിയെ കുടുക്കാന്‍ ആവശ്യപ്പെട്ടു. പലര്‍ക്കും ഗുരുതരമായി പരുക്കു പറ്റി. ഇതെല്ലാം ഗവണ്‍മെന്റിലുള്ള എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആരും ശബ്ദമുയര്‍ത്തില്ല. ഇതേ സിബിഐക്കാരാണ് ബി.കെ. ബന്‍സാലിനേയും മകനേയും ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും മകളും അതിന് മുമ്പേ അതിക്രമം സഹിക്കാനാവാതെ ആത്മഹത്യ ചെയ്‌തെന്നും എല്ലാര്‍ക്കും അറിയാം. അവരെ കൊന്നതാണ്, സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗവും മേല്‍നോട്ടം വഹിക്കുന്ന സര്‍ക്കാരുമാണ് ഈ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദി. ബന്‍സാലിന്റേയും മകന്റേയും ആത്മഹത്യ കുറിപ്പ് താന്‍ വായിച്ചതാണ്. പീഡനങ്ങളും അസഭ്യ പ്രയോഗങ്ങളുമെല്ലാം അതില്‍ വിശദീകരിച്ചിട്ടുണ്ട്. ആത്മഹത്യ കുറിപ്പുണ്ടായിട്ടും ഈ കൊലപാതകികള്‍ക്കെതിരെ കേസില്ലെന്ന് രാജേന്ദ്രകുമാര്‍ കത്തില്‍ പറയുന്നു.
സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ രാഷ്ട്രീയ നിഷ്പക്ഷത പുലര്‍ത്തിയതിനുള്ള വിലയാണ് കള്ളക്കേസുകളില്‍ കുടുക്കല്‍. നീതിയുക്തമായ സമീപനം കേന്ദ്ര ഏജന്‍സികളില്‍നിന്നു ലഭിക്കില്ലെന്നാണ് കഴിഞ്ഞ കുറച്ചു മാസങ്ങളിലെ സാഹചര്യങ്ങളില്‍നിന്നും മനസിലാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. ആരോപണങ്ങള്‍ പുറത്തുവന്നതോടെ ട്വിറ്ററിലൂടെ നരേന്ദ്ര മോദിക്കെതിരെ അരവിന്ദ് കേജരിവാളിന്റെ പരിഹാസ ശരവുമെത്തി. എന്തിനാണ് ഞങ്ങളെ താങ്കളിത്ര ഭയക്കുന്നത് മോദിജി, എന്നാണ് കേജരിവാളിന്റെ ചോദ്യം.