കൊച്ചി: തനിക്കെതിരെ പ്രവര്‍ത്തിച്ചതിനു മുന്നില്‍ മോഹന്‍ലാലെന്ന് സംവിധായകന്‍ വിനയന്‍. കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍, പ്രസിഡന്റ് സിബി മലയില്‍, അമ്മ പ്രസിഡന്റ് ഇന്നസെന്റ് എന്നിവര്‍ രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന നടന്‍ മോഹന്‍ലാല്‍ അറിയാതെ സെക്രട്ടറി ഇടവേള ബാബു തനിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഇല്ലാതാക്കാന്‍പോലും ഫെഫ്ക ഭാരവാഹികളുടെ നേതൃത്വത്തില്‍ ശ്രമിച്ചുവെന്നും ഇതു സംഘടനയിലുള്ളവര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും വിനയന്‍ എറണാകുളം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ഈ വിജയം വിട പറഞ്ഞ നടന്‍ തിലകനു സമര്‍പ്പിക്കുന്നതായി വിനയന്‍ പറഞ്ഞു. സത്യത്തിന്റെ വിജയമാണിത്. ഒരു സാംസ്‌കാരിക നായകനും തനിക്കെതിരെയുണ്ടായ വിലക്കിനെതിരെ പ്രതികരിക്കാന്‍ രംഗത്തെത്തിയില്ല. തനിക്കുവേണ്ടി സംസാരിച്ച സുകുമാര്‍ അഴീക്കോടിനെ അധിക്ഷേപിക്കുകയാണുണ്ടായത്. ഒപ്പമുണ്ടെന്നു ഫോണില്‍ പലരും പറഞ്ഞു. പക്ഷേ എനിക്കു നഷ്ടപ്പെട്ട എട്ടരവര്‍ഷം തിരികെ നല്‍കാന്‍ ഇവര്‍ക്കാര്‍ക്കും സാധിക്കില്ല.
സംവിധായകരായ ബി. ഉണ്ണികൃഷ്ണന്‍, സിബി മലയില്‍, സിദ്ദിഖ്, കമല്‍ എന്നിവര്‍ക്കെതിരെ ശക്തമായ ആരോപണമാണ് വിനയന്‍ ഉയര്‍ത്തിയത്. കമലും സിദ്ധിഖുമാണു തന്നെ വിലക്കുന്നതിനു പിന്നിലെ തലച്ചോറായി പ്രവര്‍ത്തിച്ചതെന്നു വിനയന്‍ ആരോപിച്ചു. കമല്‍, സിദ്ദിഖ് എന്നിവര്‍ കള്ള സത്യവാങ്മൂലം നല്‍കി കേസില്‍നിന്നു രക്ഷപ്പെട്ടിരിക്കുകയാണ്. എന്നാല്‍ മനഃസാക്ഷിയുടെ മുന്നില്‍ അവര്‍ക്കു രക്ഷപ്പെടാനാവില്ല.
എന്റെ സിനിമയില്‍ അഭിനയിച്ചാല്‍ പ്രശ്‌നമാകുമെന്നു നടന്‍ ജയസൂര്യയോടു ബി. ഉണ്ണികൃഷ്ണനും മറ്റും പറഞ്ഞതായി ജയസൂര്യ ആദ്യം മൊഴി നല്‍കിയിരുന്നു. പിന്നീടു വിസ്താരത്തില്‍ അങ്ങനെ പറഞ്ഞതായി ഓര്‍ക്കുന്നില്ലെന്നാണു പറഞ്ഞത്. എന്നാല്‍ കമ്മിഷന്‍ ആദ്യത്തെ മൊഴി സ്വീകരിക്കുകയും ക്രോസ് വിസ്താരത്തിലെ മൊഴി തള്ളിക്കളയുകയുമാണുണ്ടായത്. നടന്‍ മധുവിനെയും സിനിമയില്‍ അഭിനയിക്കുന്നതില്‍നിന്ന് അവര്‍ വിലക്കി. അദ്ദേഹം വാങ്ങിയ അഡ്വാന്‍സ് തിരികെ നല്‍കേണ്ടി വന്നു. എന്നാല്‍ പിന്നീട് അദ്ദേഹം വിലക്കു മറികടന്ന് അഭിനയിച്ചു. മധുവിന്റെ മൊഴിയും കമ്മിഷന്‍ പരിഗണിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന വഴിയാണു മാഫിയ ശശിയെ സംവിധായകന്‍ സിബി മലയില്‍ കാറില്‍ നിന്നിറക്കിക്കൊണ്ടു പോയത്.
‘ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ സിനിമാ ലോകം. എന്നെ കാര്‍ കയറ്റിക്കൊല്ലുമെന്നു മറ്റൊരാള്‍ പറഞ്ഞതായി ഫെഫ്കയില്‍ അംഗമായ ഒരു സംവിധായകന്‍ ഈ വിധി വന്ന ശേഷം എന്നെ വിളിച്ചു പറഞ്ഞു. എന്നെ വിലക്കിക്കൊണ്ടു കമല്‍ ഒപ്പിട്ട കത്തു നല്‍കാമെന്നു ഫെഫ്കയിലെ തന്നെ ചില അംഗങ്ങള്‍ ഇപ്പോള്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്. സൂപ്പര്‍ താരങ്ങളുടെ വാടകഗുണ്ടകളായി പ്രവര്‍ത്തിക്കുകയാണു സംവിധായകര്‍. ഇവരെയൊക്കെയാണോ കലാകാരന്‍മാര്‍ എന്നു വിളിക്കുന്നത്. എന്താണ് ഞാന്‍ ഇവരോടു ചെയ്തതെന്ന് ഒന്നു പറയാമോ. നല്ല സിനിമകള്‍ സംവിധാനം ചെയ്തതാണോ, പുതിയ താരങ്ങളെ സിനിമയില്‍ അവതരിപ്പിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ്?’ വിനയന്‍ ചോദിക്കുന്നു.
ആരെയും പേടിക്കാതെ സിനിമ ചെയ്യാമെന്നു തെളിയിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിനിമ സെന്‍സര്‍ ചെയ്യണമെങ്കില്‍ സംഘടനയുടെ റജിസ്‌ട്രേഷന്‍ വേണമെന്ന വാദത്തിനെതിരെ ഹൈക്കോടതിയില്‍ പോയി അനുകൂലവിധി നേടി. ഇന്നു പുതിയ ഒട്ടേറെ ചെറുപ്പക്കാര്‍ ഈ വിധിയുടെ ബലത്തിലാണു പുതിയ സിനിമകളുമായി എത്തുന്നത്. അതുപോലെ താരങ്ങളെയും അസോസിയേഷനുകളെയും പേടിക്കാതെ സിനിമ ചെയ്യാന്‍ കൂടുതല്‍പ്പേര്‍ വരുന്നു. ഞാന്‍ സിനിമയില്‍ കൊണ്ടുവന്ന പലരും സൂപ്പര്‍ താരങ്ങളെക്കാള്‍ കയ്യടി നേടുന്നു. ഇതില്‍ ഏറെ സന്തോഷമുണ്ടെന്നും വിനയന്‍ പറഞ്ഞു.