ബിജ്നോര്‍: ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് അമ്മായിയമ്മയെ മരുമകള്‍ അതി ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പോലീസ് ഇന്ന് പുലര്‍ച്ചെ യുവതിയെ അറസ്റ്റ് ചെയ്തത്. ജനുവരി 5ലെ സിസിടിവി ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. രാജ്റാണി ജെയ്ന്‍ എന്ന 70 വയസുകാരിയെ മരുമകള്‍ സംഗീത ജെയ്നാണ് മൃഗീയമായി പീഡിപ്പിച്ചത്.
ബിജ്നോറിലെ വീട്ടില്‍ സ്ത്രീകള്‍ രണ്ടുപേരും മാത്രം ഉണ്ടായിരുന്ന സമയത്താണ് സംഗീത വൃദ്ധയായ മാതാവിനെ തല്ലുകയും, കല്ല് വെച്ച് പ്രഹരിക്കുകയും ഷാളുപയോഗിച്ച് ശ്വാസം മുട്ടിക്കുകയുമെല്ലാം ചെയ്തത്. രാജ്റാണി ജെയ്ന്റെ മകന് സന്ദീപ് ജെയ്ന്‍ 7 വര്‍ഷം മുമ്പാണ് സംഗീതയെ വിവാഹം കഴിച്ചത്. പൊലീസില്‍ സംഗീതയുടെ പീഡനങ്ങള്‍ക്കെതിരെ പരാതി നല്കാന് ശ്രമിച്ചെങ്കിലും ഒരു സ്ത്രീക്കെതിരെ ഗാര്‍ഹിക പീഡനത്തിന് നടപടിയെടുക്കാന്‍ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ മറുപടി. തുടര്‍ന്നാണ് സംഗീതയുടെ നിഷ്ഠൂരമായ പ്രവര്‍ത്തികള്‍ തെളിയിക്കാനായി വീട്ടില്‍ സിസിടിവി ഘടിപ്പിച്ചത്.
അടുക്കളയില്‍ നിന്നെത്തിയ മരുമകള്‍ കട്ടിലിലിരുന്ന തന്നെ ക്രൂരമായി തല്ലുകയും ശ്വാസം മുട്ടിക്കുകയും ചെയ്തെന്നും പിന്നീട് കല്ലുപയോഗിച്ച് തലയില്‍ തല്ലിയെന്നും 70 വയസുള്ള ഈ വൃദ്ധ പറയുന്നു. തലയിലേറ്റ സാരമായ പരുക്കുകള്‍ക്ക് മരുന്നുകെട്ടി വെച്ചിരിക്കുകയാണ്. സന്ദീപ് സംഗീതയ്ക്കെതിരെ വിവാഹ മോചന കേസ് നല്കി. ഇതി കുടുംബകോടതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. എന്നിട്ടും വീട്ടില്‍ തന്നെ നിര്‍ബന്ധപൂര്‍വ്വം താമസിച്ചാണ് യുവതി ഈ അതിക്രമങ്ങള്‍ നടത്തുന്നത്.സ്ത്രീക്കെതിരെ കേസെടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ പൊലീസ് ഒടുവില്‍ ദൃശ്യങ്ങള്‍ ചര്‍ച്ചയായതോടെ ഇന്ന് പുലര്‍ച്ചെ സംഗീതയെ അറസ്റ്റ് ചെയ്തു