കൊച്ചി: എറണാകുളം എംജി റോഡിലെ സെന്റര്‍ സ്‌ക്വയര്‍ മാളിന് ക്രമവിരുദ്ധമായി അനുമതി നല്‍കി കൊച്ചി കോര്‍പ്പറേഷന്‍ പന്താടുന്നത് ആയിരങ്ങളുടെ ജീവന്‍. വന്‍ സുരക്ഷാ വീഴ്ച്ച കണ്ടെത്തിയ മാളില്‍ ദുരന്തം സംഭവിച്ചാല്‍ അതിനുത്തരവാദി കൊച്ചി മേയറുള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായിരിക്കും.
വന്‍ സുരക്ഷാ വീഴ്ച്ച കണ്ടെത്തിയ മാളിന് മള്‍ട്ടിപ്ലസ് തിയ്യേറ്ററുകള്‍ അനുവദിക്കാന്‍ പാടില്ലെന്ന അഗ്നിശമന സേനയുടെ ഉത്തരവ് അട്ടിമറിച്ചാണ് കൊച്ചി കോര്‍പ്പറേഷന്‍ പതിനൊന്നോളം തിയേറ്ററുകള്‍ക്ക് ഇവിടെ അനുമതി നല്‍കിയിരിക്കുന്നത്. സെന്റര്‍ സ്വകയര്‍ മാളിലെ അഞ്ച് ആറ് ഏഴ് നിലകള്‍ മുന്‍സിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ചും അഗ്നിശമന സേനയുടെ അനുമതിയില്ലാതെയുമാണ്.
എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ഒരാളുടെ പോലും ജീവന്‍ രക്ഷിക്കാന്‍ കഴിയാത്ത വിധം സുരക്ഷാ വീഴ്ച്ചയുള്ള ഈ നിലകള്‍ക്ക് അനുമതി നല്‍കിയതിന് ലക്ഷങ്ങള്‍ കൈക്കൂലിയായി മറിഞ്ഞുവെന്നാണ് സൂചന.
തീയറ്റര്‍ ലൈസന്‍സ് നേടിയത് വസ്തുതകള്‍ മറച്ചുവച്ചാണെന്നും ഇവിടുത്തെ തിയറ്ററുകളില്‍ ഏത് നിമിഷവും ദുരന്തത്തിന് സാധ്യതയുണ്ടെന്നും അഗ്നിശമന സേനയും മുന്നറിയിപ്പ് നല്‍കുന്നു. പതിനൊന്ന് തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ ക്രമവിരദ്ധമായി നടപടികള്‍ സ്വീകരിക്കുകയായിരുന്നെന്നും അഗ്നിശമന സേന ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തിലും വ്യക്തമാക്കുന്നു.