സ്വന്തം ലേഖകൻ
ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന മെയ് പതിനാറിനു മുൻപ് കേന്ദ്രമന്ത്രിസഭയിലും ബിജെപി ദേശീയ നേതൃത്വത്തിലും വൻ അഴിച്ചു പണിയുണ്ടായേക്കുമെന്നു സൂചന. കേന്ദ്രത്തിൽ ഒരു മന്ത്രിയെ ലഭിച്ചാൽ കേരളത്തിലെ തിരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കാനാവുമെന്ന കേരള ഘടകത്തിന്റെ നിർദേശം സ്വീകരിച്ചു ബിജെപി അഖിലേന്ത്യാ സെക്രട്ടറി അമിത് ഷായാണ് ഇപ്പോൾ കേന്ദ്രത്തിലെ അഴിച്ചു പണിക്കു മുൻകൈ എടുക്കുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്.
സുരേഷ് ഗോപിയ്ക്കു സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിസ്ഥാനവും, തുഷാർ വെള്ളാപ്പള്ളിക്കു സഹമന്ത്രിസ്ഥാനവുമാണ് വാഗ്ദാനം ചെയ്യുന്നത്. സിനിമായുടെയും സാംസ്‌കാരിക വിഭാഗത്തിന്റെയും ചുമതലയുള്ള സഹമന്ത്രിയുടെ സ്ഥാനമാണ് സുരേഷ് ഗോപിക്കു വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് സൂചന. തുഷാർ വെള്ളാപ്പള്ളിയ്ക്കു വ്യവസായ വകുപ്പിന്റെ സഹമന്ത്രിസ്ഥാനമാണ് നൽകാൻ ഒരുങ്ങുന്നത്. എംപിയല്ലാത്ത തുഷാറിനെ ആദ്യം സത്യപ്രതിജ്ഞ ചെയ്യിച്ച ശേഷം തൊട്ടടുത്ത് ഒഴിവു വരുന്ന രാജ്യസഭാ സീറ്റിൽ മത്സരിപ്പിച്ചു വിജയിപ്പിക്കുന്നതിനാണ് ആലോചനകൾ നടക്കുന്നത്.
കേരളത്തിൽ നിന്നുള്ള നാലു ബിജെപി നേതാക്കൾക്കു പാർട്ടിയിലെ ഉന്നത ഭാരവാഹിത്വങ്ങൾ ഉറപ്പാണെന്ന സൂചയനും ലഭിച്ചിട്ടുണ്ട്. മുൻ സംസ്ഥാന പ്രസിഡന്റുമാരായിരുന്ന പി.കെ കൃഷ്ണദാസിനും, വി.മുരളീധരനും കേന്ദ്ര ജനറൽ സെക്രട്ടറി സ്ഥാനങ്ങളാണ് ഉറപ്പായിരിക്കുന്നത്. ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാവും ഉമ്മൻചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ എൻഡിഎ സ്ഥാനാർഥിയുമായ ജോർജ് കുര്യനു കേന്ദ്ര നേതൃത്വത്തിൽ ഉന്നത പദവിയും ഉറപ്പായിട്ടുണ്ട്. യുവമോർച്ചാ ദേശീയ ഉപാധ്യക്ഷൻ പദവിയിലേയ്ക്കു കേരളത്തിൽ നിന്നുള്ള യുവ നേതാവ് വി.വി രാജേഷിന്റെ പേരും പാർട്ടി നേതൃത്വത്തിലേയ്ക്കു പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകൾ.
കേരളത്തിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചാൽ പാർട്ടിയുടെ ഉന്നത ്സ്ഥാനങ്ങളിലും കേന്ദ്രമന്ത്രിസഭയിലും പാർട്ടി പ്രതിനിധി ഉണ്ടായാൽ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഗുണം ചെയ്യുമെന്ന റിപ്പോർട്ടാണ് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിനു നൽകിയിരിക്കുന്നത്.
തിരഞ്ഞെടുപ്പിനു മുൻപു കേന്ദ്രമന്ത്രിയുണ്ടായിൽ 20 സീറ്റിൽ വരെ ബിജെപിക്കു വിജയിക്കാൻ സാധിക്കുമെന്നും കേന്ദ്ര നേതൃത്വത്തെ സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിനു രണ്ടു കേന്ദ്രമന്ത്രിമാരെ നൽകാൻ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.