അപകടമൊഴിവാക്കാന്‍ സ്ഥാപിച്ച ഹമ്പുകള്‍ അപകടം സൃഷ്ടിക്കുന്നു; ഹമ്പുകളും സ്പീഡ് ബ്രേക്കറുകളം ദേശിയ പാതകളില്‍ നിന്ന് മാറ്റും

ന്യൂഡല്‍ഹി: അപകടങ്ങള്‍ കുറയ്ക്കാന്‍ സ്ഥാപിച്ച ഹമ്പുകളും സ്പീഡ് ബ്രേക്കറുകളം വന്‍ അപകടങ്ങള്‍ക്കാണ് വഴിവെയ്ക്കുന്നതെന്ന് തെളിഞ്ഞതോടെ ഇവ മാറ്റാന്‍ കര്‍ശന നിര്‍ദ്ദേശം. പലയിടത്തും അശാസ്ത്രീയമായ തരത്തിലാണ് സ്പീഡ് ബ്രേക്കറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിലെ അപാകതമൂലം ഗട്ടറുകള്‍ വര്‍ധിക്കുന്നതും അപകടങ്ങളുടെ തോതു കൂട്ടുന്നുണ്ട്. സ്പീഡ് ബ്രേക്കറുകള്‍ തിരിച്ചറിയാനാകാതെ വരുന്ന സാഹചര്യവും അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു. ദേശീയ പാതകളിലെ സ്പീഡ് ബ്രേക്കറുകളും ഹമ്പുകളുമെല്ലാം ഒഴിവാക്കാന്‍ കേന്ദ്ര റോഡു ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
2014ല്‍ 4726 ജീവനുകള്‍ പൊലിഞ്ഞതു റോഡുകളിലെ സ്പീഡ് ബമ്പുകള്‍ കാരണമാണെന്നാണു മന്ത്രാലയം പുറത്തിറക്കിയ റോഡ് അപകടറിപ്പോര്‍ട്ടില്‍ (2014) ചൂണ്ടിക്കാട്ടുന്നത്. സ്പീഡ് ബ്രേക്കറും ഗട്ടറുകളും 6672 പേരുടെ ജീവനെടുത്തെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.

അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ഉടനടി നടപടി സ്വീകരിക്കാനാണു സംസ്ഥാന സര്‍ക്കാരുകള്‍ക്കും ദേശീയ പാത അഥോറിറ്റിക്കും പൊതുമരാമത്തു വകുപ്പുകള്‍ക്കും മറ്റും കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദ്ദേശം. സുഗമമായ യാത്രയ്ക്കു ബമ്പുകളും മറ്റും തടസം നില്‍ക്കുന്നുവെന്നും മന്ത്രാലയം വിലയിരുത്തി. അടുത്ത ബുധനാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി അറിയിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടു മുമ്പു നല്‍കിയിരുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് പലയിടത്തും സ്പീഡ് ബ്രേക്കറുകളും മറ്റും നിര്‍മ്മിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, ഇതൊക്കെ വകതിരിവില്ലാതെയാണു നിര്‍മ്മിച്ചിരിക്കുന്നതെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കാല്‍നടയാത്രക്കാര്‍ക്കു റോഡു മുറിച്ചു കടക്കാന്‍ ദേശീയപാതകളില്‍ ഫുട് ഓവര്‍ ബ്രിഡ്ജുകളോ അണ്ടര്‍ പാസുകളോ നിര്‍മ്മിക്കുകയാണു വേണ്ടതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്

Top