സ്വന്തം ലേഖകൻ
ദില്ലി: അടുത്തവർഷം മാർച്ചോടെ പാചക വാതകത്തിന് നൽകുന്ന സബ്‌സിഡി നിർത്തലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഗാർഹിക ആവശ്യങ്ങൾക്ക് ഉപഭോക്താക്കൾക്ക് ഇപ്പോൾ നൽകി വരുന്ന സബ്‌സിഡിയുള്ള സിലിണ്ടറിന് നാല് രൂപ വീതം എല്ലാമാസവും വർദ്ധിപ്പിക്കാനും കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. പൊതുമേഖലാ എണ്ണ കമ്പനികൾക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയതായി കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ പാർലമെന്റിൽ എഴുതി നൽകിയ മറുപടിയിൽ അറിയിച്ചു.
ക്രമേണ വില കൂട്ടി അടുത്ത വർഷമാകുമ്പോൾ സബ്‌സിഡി പൂർണ്ണമായും ഇല്ലാതാക്കുന്ന തരത്തിലായിരിക്കും തീരുമാനം നടപ്പാക്കുക. സിലിണ്ടറുകൾക്ക് രണ്ട് രൂപ വീതം വില കൂട്ടാൻ കേന്ദ്ര സർക്കാർ നേരത്തെ തന്നെ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു. നിലവിൽ 477.46 രൂപയാണ് സബ്‌സിഡിയുള്ള സിലിണ്ടറിന് ഈടാക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ഇത് 419.18 രൂപയായിരുന്നു. നിലവിൽ ഒരു സിലിണ്ടറിന് 86.54 രൂപയാണ് സർക്കാർ സബ്‌സിഡി നൽകുന്നത്. ഇത് എടുത്തുകളയുമ്പോൾ വില 564 രൂപയായി മാറും.
സബ്‌സിഡിയോടെ വിതരണം ചെയ്യുന്ന അഞ്ച് കിലോ സിലിണ്ടറിന്റെ വിലയും വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.18.11 കോടി ജനങ്ങളാണ് രാജ്യത്ത് പാചക വാതക സബ്‌സിഡി ഉപയോഗിക്കുന്നത്. ഇതിൽ പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം സൗജന്യമായി പാചക വാതക കണക്ഷൻ കിട്ടിയ ദരിദ്ര കുടംബങ്ങളും ഉണ്ട്. നിലവിൽ 2.66 കോടി പേർ മാത്രമാണ് സബ്‌സിഡിയില്ലാത്ത പാചക വാതകം ഉപയോഗിക്കുന്നത്.